കുടുംബസ്വത്തായി ലഭിച്ച 5 സെന്റ് സ്ഥലത്തു നിർമാണം പൂർത്തിയാകാത്ത ചെറിയ വീട്ടിലാണ് ബിന്ദുവും ഭർത്താവ് വിശ്രുതനും മക്കളായ നവമിയും നവനീതും ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മിയും താമസിക്കുന്നത്. മേസ്തിരിപ്പണിക്കാരനായ വിശ്രുതന്റെയും തലയോലപ്പറമ്പിലെ വസ്ത്രശാലയിൽ ജോലി ചെയ്യുന്ന ബിന്ദുവിന്റെയും വരുമാനം കൊണ്ടാണു കുടുംബം കഴിഞ്ഞുപോന്നിരുന്നത്. ആന്ധ്രയിൽ അപ്പോളോ നഴ്സിങ് കോളജിലെ അവസാനവർഷ വിദ്യാർഥിനിയായ നവമിക്ക് (21) ന്യൂറോ പ്രശ്നങ്ങളെത്തുടർന്നാണ് മെഡിക്കൽ കോളജിൽ ചൊവ്വാഴ്ച ചികിത്സയ്ക്ക് എത്തിയത്.
‘എനിക്കൊന്നും പറയാനില്ല, വെന്തുരുകുകയാണു ഞാൻ’– മരണവിവരം അറിഞ്ഞയുടൻ മെഡിക്കൽ കോളജിൽ വച്ച് വിശ്രുതൻ പറഞ്ഞു. ബിന്ദുവിന്റെ സംസ്കാരം ഇന്നു തലയോലപ്പറമ്പ് ഉമാംകുന്ന് മേപ്പാട്ടുകുന്നേൽ വീട്ടുവളപ്പിൽ നടക്കും.