വാഷിങ്ടൻ ∙ യുക്രെയ്ൻ യുദ്ധം 50 ദിവസത്തിനുള്ളിൽ അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത തീരുവകൾ ചുമത്തി റഷ്യയെ ശിക്ഷിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളും അധിക തീരുവ നേരിടേണ്ടിവരും. പാശ്ചാത്യ സൈനികസഖ്യമായ നാറ്റോയുടെ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) സെക്രട്ടറി ജനറൽ മാർക് റട്ടുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണു പ്രഖ്യാപനം.
‘റഷ്യ – യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാൻ 50 ദിവസത്തിനുള്ളിൽ ധാരണയിലെത്തുന്നില്ലെങ്കിൽ റഷ്യയ്‌ക്കുമേൽ കനത്ത തീരുവകൾ ചുമത്തും. ഞാൻ പല കാര്യങ്ങൾക്കും വ്യാപാരം ഉപയോഗിക്കുന്നു. എന്നാൽ യുദ്ധങ്ങൾ അവസാനിപ്പിക്കാൻ അത് വളരെ നല്ലതാണ്.’ – ട്രംപ് പറഞ്ഞു. എന്നാൽ തീരുവ ചുമത്തുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല. നാറ്റോ വഴി യുക്രെയ്നിനു വ്യോമപ്രതിരോധ പേട്രിയട്ട് മിസൈൽ അടക്കം നവീന ആയുധങ്ങൾ നൽകുമെന്നു പ്രഖ്യാപിച്ച ട്രംപ്, എന്നാൽ ഇതിന്റെ ചെലവ് നാറ്റോ അംഗങ്ങൾ വഹിക്കണമെന്നും വ്യക്തമാക്കി.
അതേസമയം, റഷ്യയ്‌ക്കെതിരായ നടപടികളടക്കം സുരക്ഷാവിഷയങ്ങൾ ചർച്ച ചെയ്യാൻ ട്രംപിന്റെ പ്രതിനിധി കെയ്ത്ത് കെലോഗ് യുക്രെയ്ൻ തലസ്ഥാനമായ കീവിൽ എത്തി. യുക്രെയ്ൻ സൈനിക, ഇന്റലിജൻസ് മേധാവിമാരുമായും കൂടിക്കാഴ്ച നടത്തും. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി ചർച്ച ചെയ്തു വെടിനിർത്തൽ കരാറിലെത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണു യുക്രെയ്നിനു കൂടുതൽ ആയുധം നൽകാമെന്ന നയംമാറ്റത്തിലേക്കു ട്രംപ് എത്തിയത്.