ബുദ്ധ സന്യാസിമാരെ ലൈംഗിക ബന്ധത്തിലേക്ക് ആകർഷിച്ച് ബന്ധം സ്ഥാപിച്ച ശേഷം ബ്ലാക്ക്മെയിൽ ചെയ്ത് കോടികൾ സമ്പാദിച്ച യുവതി അറസ്റ്റിൽ. കഴിഞ്ഞ 3 വർഷത്തിനിടെ ഇതിലൂടെ 102 കോടി രൂപയാണ് (385 മില്യൺ ബാഹ്ത്) വിലാവൻ എംസാവത് എന്ന യുവതി സമ്പാദിച്ചത്. ഇവരുട പക്കൽ ബുദ്ധ സന്യാസിമാർക്കൊപ്പമുള്ള എൺപതിനാരിത്തോളം നഗ്ന ചിത്രങ്ങളും വിഡിയോകളുമുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലൈംഗിക ആരോപണത്തിൽ കുടുങ്ങിയ ഒമ്പത് മഠാധിപതികളെയും മുതിർന്ന സന്യാസിമാരെയും സന്യാസത്തിൽ നിന്ന് പുറത്താക്കി.
ബാങ്കോക്കിനു വടക്കുള്ള നോന്തബുരിയിലെ ആഡംബര വീട്ടിൽ നിന്നാണ് വിലാവൻ എംസാവത് അറസ്റ്റിലായത്. കള്ളപ്പണം വെളുപ്പിക്കൽ, മോഷ്ടിച്ച വസ്തുക്കൾ സ്വീകരിക്കൽ എന്നീ കുറ്റങ്ങളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. കുറഞ്ഞത് 9 ബുദ്ധ സന്യാസിമാരുമായി വിലാവൻ എംസാവതിന് ബന്ധമുണ്ടായിരുന്നുവെന്നാണ് റോയൽ തായ് പൊലീസ് സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പറയുന്നത്. ഇവരുടെ ഫോണിൽ നിന്നും ബുദ്ധ സന്യാസികളുമായുള്ള ചാറ്റുകളും വിഡിയോകളും കണ്ടെത്തി.
ബുദ്ധ സന്യാസിമാരെ ബ്ലാക്ക്മെയിൽ ചെയ്ത് ലഭിച്ചിരുന്ന പണം ഓൺലൈൻ ചൂതാട്ടത്തിനായാണ് ഉപയോഗിച്ചിരുന്നത്. വിലാവനുമായി ബന്ധമുണ്ടെന്ന് ആരപോണ വിധേയരായ ചില സന്യാസിമാർ സമ്മതിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ബന്ധം ആരംഭിച്ചതെന്നും ഇവർ പറയുന്നു. വിലാവനുമായി ദീർഘകാല ബന്ധത്തിലാണെന്ന് അവകാശപ്പെട്ട ഒരു സന്യാസി അവരിൽ നിന്നും തനിക്ക് കാർ ലഭിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി. എന്നാൽ വിലാവൻ മറ്റൊരു സന്യാസിയെ കാണുന്നുണ്ടെന്ന് അറിഞ്ഞതോടെ ബന്ധം വഷളായി. പിന്നാലെ വിലാവൻ പണം ആവശ്യപ്പെടാൻ തുടങ്ങിയെന്നും സന്യാസി പറയുന്നു.
വിലാവൻ എംസാവത് സന്യാസിമാരിൽ ഒരാളിൽ നിന്ന് തനിക്ക് ഒരു കുട്ടിയുണ്ടെന്ന് അവകാശപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്. ജൂൺ പകുതിയോടെ ബാങ്കോക്കിലെ ഒരു മഠാധിപതിയെ വിലാവൻ ബ്ലാക്ക്മെയിൽ ചെയ്തതിനെത്തുടർന്ന് ഇയാൾ സന്യാസം ഉപേക്ഷിച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകം അറിയുന്നത്.