തിരുവനന്തപുരം∙ മോട്ടര്‍ വാഹന വകുപ്പിന്റെ എം പരിവാഹന്‍ ആപ്പിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ സൈബര്‍ തട്ടിപ്പ് വീണ്ടും സജീവമാകുന്നു. സംസ്ഥാനത്ത് നിരവധി പേര്‍ക്കു ലക്ഷക്കണക്കിനു രൂപയാണ് ഇതുവഴി നഷ്ടമാകുന്നത്. തട്ടിപ്പു സന്ദേശങ്ങളിലൂടെ ഉപയോക്താവിന്റെ ഫോണില്‍ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യിച്ചു മറ്റൊരിടത്തിരുന്നു ഫോണ്‍ പൂര്‍ണമായി നിയന്ത്രിച്ച് ഉപയോക്താവിനു തിരിച്ചറിയാന്‍ കഴിയാത്ത തരത്തിലാണ് അക്കൗണ്ടില്‍നിന്നു പണം ഊറ്റുന്നത്.
ട്രാഫിക് നിയമലംഘനത്തിനു പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് മോട്ടര്‍ വാഹന വകുപ്പിന്റെ എം പരിവാഹന്റെ പേരില്‍ വാട്‌സാപ്പില്‍ സന്ദേശമെത്തുന്നത്. വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് എഐ ക്യാമറ വഴിയോ സ്പീഡ് ക്യാമറ വഴിയോ നേരിട്ടുള്ള വാഹന പരിശോധനയിലോ തയാറാക്കപ്പെടുന്ന ഇ-ചലാന്‍ എന്ന വ്യാജേനയാണ് മെസജുകളും വാട്‌സാപ് സന്ദേശങ്ങളും പ്രചരിപ്പിക്കുന്നത്. സീറ്റ് ബെല്‍റ്റും ഹെല്‍മറ്റുമൊക്ക ധരിച്ചു വാഹനമോടിച്ചവര്‍ക്കു നിയമം ലംഘിച്ചെന്നു പറഞ്ഞ് വാട്‌സാപ്പില്‍ മെസജ് അയച്ചാണ് തട്ടിപ്പ്.
സന്ദേശത്തില്‍ ഒരു എപികെ (ആന്‍ഡ്രോയിഡ് പായ്‌ക്കേജ് കിറ്റ്) ഫയലും ഉണ്ടാകും. ഇതു ഡൗണ്‍ലോഡ് ചെയ്തു പിഴ അടയ്ക്കണമെന്നാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നത്. നിയമലംഘനത്തിന് 500 രൂപ പിഴ എന്നാവും ആദ്യം കാണുക. ഇത് അടയ്ക്കാനായി എപികെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുന്നതോടെ ഉപയോക്താവ് തട്ടിപ്പുകാരുടെ കെണിയില്‍ കുടുങ്ങുകയാണ്. ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഫോണ്‍ കുറച്ചു സമയത്തേക്ക് ഹാങ് ആകും. എന്നാല്‍ പിന്നീട് ഇതു താനേ ശരിയാകും. എന്നാല്‍ ഒരിക്കല്‍ ഈ എപികെ ഫയല്‍ ഡൗണ്‍ലോഡ് ആയിക്കഴിഞ്ഞാല്‍ ഫോണ്‍ പൂര്‍ണമായും തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാകും. ഫയല്‍ ഡിലീറ്റ് ചെയ്താലും കാര്യമില്ല. മറ്റൊരു സ്ഥലത്തിരുന്നു തട്ടിപ്പുകാര്‍ക്ക് ഫോണ്‍ നിയന്ത്രിക്കാന്‍ കഴിയും. ഫോണിലെ ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ ആപ്പുകളും ബാങ്കുകളുടെ ആപ്പുകളും തട്ടിപ്പുകാര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കും.
ഉപയോക്താവ് അടുത്ത തവണ ഇത്തരം ആപ്പുകള്‍ ഉപയോഗിച്ചു സാമ്പത്തിക ഇടപാടു നടത്തുന്നതു വരെ തട്ടിപ്പുകാര്‍ കാത്തിരിക്കും. ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ ആപ്പുകളിലൂടെ നടത്തിയാല്‍ പാസ്‌വേഡുകളും ആപ്പുകള്‍ തുറക്കുന്ന പാറ്റേണുകളും തട്ടിപ്പുകാര്‍ കണ്ടെത്തും. ഉപയോക്താവ് ഫോണില്‍ സജീവമായിരിക്കുന്ന സമയത്ത് തട്ടിപ്പുകാര്‍ ഇടപെടില്ല. രാത്രിയില്‍ ഫോണ്‍ നിശ്ചലമാകുന്ന സമയത്ത് തട്ടിപ്പുകാര്‍ ഉണരും. അക്കൗണ്ടുകളില്‍നിന്ന് ഒന്നിച്ച് വലിയതോതില്‍ പണം പിന്‍വലിക്കുന്ന ശൈലിയല്ല ഇവര്‍ പ്രയോഗിക്കുന്നത്.
ഉപയോക്താവിന്റെ പണം ഉപയോഗിച്ച് ഐപിഎല്‍ മത്സരങ്ങളുടെയും സിനിമകളുടെയും ടിക്കറ്റുകള്‍ കൂട്ടത്തോടെ വാങ്ങുകയാണു ചെയ്യുന്നത്. പിന്നീടത് ടെലഗ്രാം ഗ്രൂപ്പുകളില്‍ മറിച്ചുവിറ്റാണു പണം നേടുന്നത്. ഒരുമിച്ച് അക്കൗണ്ടിലേക്കു പണം മാറ്റുന്നത് സൈബര്‍ പൊലീസ് കണ്ടെത്തി പണം തിരിച്ചുപിടിക്കുന്നതു കൊണ്ടാണ് തട്ടിപ്പുകാര്‍ പുതിയ ശൈലി സ്വീകരിച്ചിരിക്കുന്നത്. ടിക്കറ്റുകള്‍ വാങ്ങുമ്പോള്‍ ഫോണിലേക്കു വരുന്ന സന്ദേശങ്ങള്‍ വരെ തട്ടിപ്പുകാര്‍ ഡിലീറ്റ് ചെയ്യുന്നതിനാല്‍ അക്കൗണ്ടില്‍നിന്നു പണം പോകുന്നതു ദിവസങ്ങള്‍ക്കു ശേഷം മാത്രമേ ഉപയോക്താവ് അറിയുകയുള്ളു.