ന്യൂജഴ്സി∙ യുഎസിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ മെഡിക്കല്‍ തട്ടിപ്പിന് കേസെടുത്ത് പൊലീസ്. ന്യൂജഴ്‌സിയിലെ ആശുപത്രിയിൽ ഡോക്ടറായ റിതേഷ് കൽറയ്‌ക്കെതിരെയാണ് (51) കേസ്. ലഹരിവസ്തുവായി ഉപയോഗിക്കുന്ന മരുന്നുകൾ അനധികൃതമായി നൽകുക, ഇത്തരം മരുന്നുകളുടെ കുറിപ്പടികൾ നൽകുന്നതിന് പകരമായി രോഗികളെ ലൈംഗികബന്ധത്തിന് നിർബന്ധിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തിരിക്കുന്നത്. നിലവിൽ വീട്ടുതടങ്കലിലായ റിതേഷിന്റെ ലൈസൻസ് റദ്ദാക്കിയേക്കും.
ചികിത്സയ്ക്കായി എത്തിയ പല സ്ത്രീകളെയും റിതേഷ് ലൈംഗിക താൽപര്യത്തോടെ സമീപിച്ചെന്നും മരുന്നു കുറിപ്പടികൾക്കു പകരമായി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായും പരാതിയുണ്ട്. ചികിത്സാവേളകളിൽ പലതവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് രോഗി വെളിപ്പെടുത്തി. ഇതുകൂടാതെ, ബുക്ക് െചയ്യപ്പെടാത്ത കൗൺസലിങ് സെഷനുകളുടെ ബില്ലുകളിൽ അനധികൃതമായി നിർമിച്ചതിനും റിതേഷിനെതിരെ കേസെടുത്തിട്ടുണ്ട്.
‘‘ഡോക്ടർമാർ ഉത്തരവാദിത്തമുള്ള സ്ഥാനം വഹിക്കുന്നവരാണ്. എന്നാൽ ആ സ്ഥാനം അനധികൃതമായി ഉപയോഗിക്കുകയും രോഗികളെ ലൈംഗികമായി ചൂഷണം ചെയ്യാനുമാണ് ഡോ. കല്‍റാ ഉപയോഗിച്ചത്. മരുന്നുകുറിപ്പടികൾ നൽകാൻ ലൈംഗികമായി ചൂഷണം ചെയ്തതും, അനധികൃതമായി ബില്ലുകൾ ഉണ്ടാക്കിയതും നിയമ ലംഘനം മാത്രമല്ല, ജീവിതങ്ങളെ അപകടത്തിലാക്കുകയും ചെയ്തു’’, യുഎസ് അട്ടോർണി അലിന ഹബ്ബാ പറഞ്ഞു. സ്വന്തം നേട്ടത്തിനും ലൈംഗിക സംതൃപ്തിക്കും വേണ്ടിയുള്ള ഉപകരണങ്ങളാക്കി മെഡിക്കൽ ലൈസൻസുകൾ ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അവർ അറിയിച്ചു.