ചുണ്ടേല്‍: ചുണ്ടേല്‍ മത്സ്യമാംസ മാര്‍ക്കറ്റില്‍ 30 വര്‍ഷത്തോളം ഇറച്ചിവെട്ടുകാരിയായിരുന്ന റൂഖിയ (66) യുടെ മരണത്തില്‍ ചുണ്ടേല്‍ പൗരാവലി അനുശോചിച്ചു.തോട്ടം മേഖലയില്‍ സാധാരണ തൊഴിലാളിയായി ജീവിതം തുടങ്ങിയ റുഖിയ തൊഴിലാളികളുടെ അവകാശപോരാട്ടത്തില്‍ നേതൃത്വപരമായ പങ്കുവഹിച്ചു. വ്യാപാരരംഗത്ത് തിളങ്ങിയപ്പോഴും വരുമാനത്തില്‍ ഒരു വിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചെന്നും യോഗം അനുസ്മരിച്ചു.
കേരളത്തിലെ ആദ്യത്തെ ഇറച്ചിവെട്ടുകാരിയായാണ് റൂഖിയയെ കണക്കാക്കുന്നത്. ഒറ്റയില്‍ ഖാദര്‍ ,പാത്തുമ്മ ദമ്പതികളുടെ മകളാണ് റുഖിയ. ഞായറാഴ്ച ചുണ്ടേല്‍ ശ്രീപുരത്തുള്ള ഒറ്റയില്‍ വീട്ടിലായിരുന്നു അന്ത്യം. പിതാവ് മരിച്ചതോടെയാണ് പത്താം വയസ്സില്‍ റൂഖിയ കൂടുംബഭാരം ഏറ്റെടുക്കുന്നത്. ആദ്യം ചുണ്ടേല്‍ എസ്‌റ്റേറ്റിലായിരുന്നു ജോലി. കൂലി തികയാതെ വന്നതോടെ ഇറച്ചിവെട്ട് ജോലിയിലേക്ക് തിരിയുകയായിരുന്നു.
1989 ലാണ് ചുണ്ടേല്‍ അങ്ങാടിയിലുണ്ടായിരുന്ന സ്ഥലത്ത് ഷെഡ് കെട്ടി ബീഫ് സ്റ്റാള്‍ ആരംഭിച്ചത്. തുടക്കകാലത്ത് ഇറച്ചിവെട്ടും കാലിക്കച്ചവടവുമെല്ലാം ഒരു സ്ത്രീ ഏറ്റെടുത്ത് ചെയ്യുന്നതില്‍ ചുറ്റുമുള്ളവര്‍ താല്‍പര്യം കാണിച്ചിരുന്നില്ല. ഇകഴ്ത്താനും പിന്തിരിപ്പാക്കാനും ശ്രമിച്ചവരായിരുന്നു ഏറെയും എന്നാല്‍ റുഖി തന്റെ ദൃഢനിശ്ചയത്താല്‍ മുന്നോട്ട് പോവുകയായിരുന്നു.