ബത്തേരി: ക്വാണ്ടം സെഞ്ച്വറി എക്സിബിഷൻ ബത്തേരി സെന്റ മേരീസ് കോളേജിൽ ജനുവരി 21 മുതൽ 25 വരെ നടത്തുന്നതിന്റെ പ്രചരാണാർത്ഥം നടത്തിയ ക്വാണ്ടം ക്യൂര്യോസിറ്റി പരീക്ഷണയാത്ര സുൽത്താൻ ബത്തേരി ഉപജില്ലയിലെ 12 സ്കൂളുകളിൽ പരീക്ഷണങ്ങളും , സ്കിറ്റുകളും, ശാസ്ത്രപ്പാട്ടുകളും അവതരിപ്പിച്ചു. ഐസക് ന്യൂട്ടൺ, ജെയിംസ് ക്ളാർക്ക് മാക്സ് വെൽ, മാക്‌സ്‌പ്ളാങ്ക്, ആൽബർട്ട് ഐൻസ്റ്റീൻ എന്നിവർ വേദിയിലെത്തി തങ്ങളുടെ കണ്ടുപിടുത്തങ്ങൾ വിശദീകരിക്കുകയും ക്വാണ്ടം സെഞ്ച്വറി എക്സിബിഷനിലേയ്ക്ക് കുട്ടികളേയും അധ്യാപകരേയും ക്ഷണിക്കുകയും ചെയ്തത് കുട്ടികളിൽ കൗതുകം ഉണർത്തി. ആകർഷകമായ പരീക്ഷണങ്ങൾ എന്തു കൊണ്ട് ? എന്തുകൊണ്ട് ? എങ്ങനെ? എങ്ങനെയാ ? തുടങ്ങിയ ചോദ്യങ്ങൾ ഉയർത്തുവാനും ഉത്തരങ്ങൾ കണ്ടെത്തുവാനും കുട്ടികളെ പ്രേരിപ്പിച്ചു.
ശാസ്തത്തിന്റെ രീതികളിലൂടെ അറിവു നിർമ്മിക്കുന്നതിനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആഹ്വാനം ചെയ്തു കൊണ്ട് അറിവിന്റെ പന്തം ജ്വലിപ്പിച്ചു കൊണ്ട് പഴൂർ സ്കൂളിൽ നിന്നും ആരംഭിച്ച പരീക്ഷണ യാത്ര അരിമുള സ്കൂളുകളിൽ സമാപിച്ചു. യാത്രയിൽ പരീക്ഷണങ്ങൾ പ്രധാനമായും അവതരിപ്പിച്ചത് എട്ടാം ക്ളാസിൽ പഠിക്കുന്ന സിനിഗ്ധ പി.എസ്., മെലൂഹ ഋതു സേയ, ആൻ റേച്ചൽ എന്നിവരും ഒൻപതാം ക്ളാസ്സിൽ പഠിക്കുന്ന അനു നന്ദ് പി.വി എന്നീ വിദ്യാർത്ഥികളാണ്. എ.സി. മാത്യൂസ്,ബെൽ ബിഎന്നിവർ സഹായിച്ചു. എം.എം. ടോമി, ബി ജോ പോൾ,ടി.പി. സന്തോഷ്, പ്രൊഫ.കെ.ബാലഗോപാലൻ, പി.ആർ. മധു സുദനൻ എന്നിവർ നേതൃത്വം നല്കി. കേരള ശാസ്ത്ര സാഹിത്യ പരിഷത്തും, സയൻസ് ടെക്നോളജി എഡ്യൂക്കേഷൻ ആന്റ് റിസേർച്ച് സെന്ററും സംയുക്തമായാണ് പരീക്ഷണ യാത്ര സംഘടിപ്പിച്ചത്.














