കല്‍പ്പറ്റ: മുണ്ടക്കൈചൂരല്‍മല ദുരന്തബാധിതര്‍ക്കായി ഒരുക്കുന്ന പുനരധിവാസ പദ്ധതി പ്രദേശം ജനപ്രതിനിധികളുടെ സംഘം സന്ദര്‍ശിക്കുകയും പ്രവര്‍ത്തന പുരോഗതി വിലയിരുത്തുകയും ചെയ്തു.
ജനങ്ങള്‍ നല്‍കിയ സാമ്പത്തിക സഹായ അടിത്തറയില്‍ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന വീടുകളുടെ ഒന്നാം ഘട്ട കൈമാറ്റം ഫെബ്രുവരിയില്‍ തന്നെ കൈമറുമെന്ന് ഉദ്യോഗസ്ഥര്‍ പ്രതിനിധി സംഘത്തിന് ഉറപ്പ് നല്‍കി.സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി പ്രദേശത്ത് അനുബന്ധ സൗകര്യങ്ങളുടെ പ്രവര്‍ത്തനം വേഗത്തിലാക്കണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എസ്.റ്റി.പി ടാങ്ക്, കുടിവെള്ള ടാങ്ക് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ പ്രവര്‍ത്തനം അടിയന്തരമായി ആരംഭിക്കണമെന്നും കെഎസ്ഇബി കണക്ടിവിറ്റി ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നും നിര്‍ദ്ദേശിച്ചു.
പദ്ധതി നടപ്പാക്കലിന്റെ ഓരോ ഘട്ടവും നേരിട്ട് പരിശോധിച്ചാണ് വിലയിരുത്തല്‍ നടത്തിയത്.മുന്‍പും പലതവണ പദ്ധതി പ്രദേശം സന്ദര്‍ശിച്ചിരുന്നെങ്കിലും, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ആദ്യമായാണ് ജനപ്രതിനിധികള്‍ ഒന്നിച്ചു ചേര്‍ന്ന് സമഗ്ര പരിശോധനയും വിലയിരുത്തല്‍ യോഗവും നടത്തിയത്. പുനരധിവാസ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നതോടൊപ്പം, ജനങ്ങളുടെ പങ്കാളിത്തത്തോടെ മുന്നോട്ടുപോകുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കുമെന്നും സംഘം വ്യക്തമാക്കി.സന്ദര്‍ശന വേളയില്‍ കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, ജില്ലാ പഞ്ചായത്ത് അംഗം വി.എന്‍. ശശീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ബി. സുരേഷ് ബാബു, കല്‍പ്പറ്റ നഗരസഭ പാര്‍ലമെന്റ് പാര്‍ട്ടി ലീഡര്‍ ഗിരീഷ് കല്‍പ്പറ്റ, വാര്‍ഡ് കൗണ്‍സിലര്‍ ഒടുവില്‍ ഷമീര്‍ എന്നിവരടക്കമുള്ള ജനപ്രതിനിധികളും യു.ഡി.എഫ് നേതാക്കളും സംഘത്തിലുണ്ടായിരുന്നു.














