തരുവണ:വിദ്യാർത്ഥികളെ സാമൂഹിക മുഖ്യധാരയിലേക്ക് സംയോജിപ്പിക്കുവാനുള്ള ശ്രമങ്ങൾ ഗൗരവമായി പ്രോത്സാഹിപ്പിക്കണമെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.
തരുവണ ഗവ.ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രചോദന സദസ്സിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുക യായിരുന്നു ജുനൈദ് കൈപ്പാണി.ഔർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ (ഒ. ആർ. സി)പരിപാടി യുടെ ഭാഗമായി നടത്തിയ പരിപാടിയിൽ ഹെഡ്മാസ്റ്റർ മുസ്തഫ എം, പ്രീതി കെ, സന്ധ്യ വി, മുഹമ്മദലി കെ. എ, ഹംസ കെ, സാജിദ് എം, അബ്ദുൽ സലാം തുടങ്ങിയവർ പ്രസംഗിച്ചു.
കുട്ടികളുടെ വൈകൃതങ്ങളും മറ്റ് ദുർബലതകളും തിരിച്ചറിഞ്ഞ് ശാസ്ത്രീയമായി പരിഹരിക്കുകയും ജീവിത നൈപുണ്യം വർദ്ധിപ്പിക്കുകയും, തനത് ശക്തികളെ പരിപോഷിപ്പിക്കുകയും, അപകടസാധ്യതകൾ പരിഹരിക്കുകയും, മാർഗനിർദേശവും നല്ല രക്ഷാകർതൃത്വവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ വിദ്യാർത്ഥികളെ സാമൂഹിക മുഖ്യധാരയിലേക്ക് സംയോജിപ്പിക്കുവാൻ സാധിക്കുമെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള സംയോജിത ശിശു സംരക്ഷണ പദ്ധതി (ICPS) യുടെ നൂതന സംരംഭമാണ് ഔർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ (ORC) എന്നത്.