Health

ലൈംഗികബന്ധത്തിൽ വേദനയോ? സെർവിക്കൽ കാൻസർ മൂലം വർഷം ഇന്ത്യയിൽ മരിക്കുന്നത് 70,000 സ്ത്രീകൾ; അവഗണിക്കരുത് ഈ ലക്ഷണങ്ങൾ

സ്ത്രീധന പീഡനം, ആത്മഹത്യ, കൊലപാതകം ഇതെല്ലാം കണ്ടും മടുത്തും നമ്മുടെ പെൺകുട്ടികൾ വിവാഹത്തോടു വളരെ ബോൾഡ് ആയി നോ എന്നു പറയാൻ തുടങ്ങിയിരിക്കുന്നു. അല്ലെങ്കിൽ ജീവിതം കെട്ടിപ്പടുത്ത ശേഷം, തുടർയാത്രയ്ക്ക് ഒരുപങ്കാളിയെ വേണം എന്നു തോന്നുകയാണെങ്കിൽ മാത്രം വിവാഹം മതി എന്ന തീരുമാനമെടുക്കാൻ അവർ പ്രാപ്തരായിരിക്കുന്നു. സ്ത്രീകൾ സമൂഹത്തിൽ എത്രദൂരം മുന്നോട്ടുപോയി അല്ലേ.. സ്ത്രീകൾ എത്ര മനോഹരമായാണ് അവരവരെ സ്നേഹിക്കുന്നത്. പക്ഷേ, സ്ത്രീകൾ എത്രത്തോളം അവരുടെ ശരീരത്തെ സ്നേഹിക്കുന്നുണ്ട്? അവരുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നുണ്ട്? ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ, ആർത്തവചക്രം തെറ്റുന്നത്, വജൈനയിലൂടെ പുറന്തള്ളുന്ന ദുർഗന്ധമുള്ള വെള്ളം, ഇവയെക്കുറിച്ചെല്ലാം അറിയുന്നുണ്ട്? ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടെങ്കിൽ സെർവിക്കൽ‍ കാൻസർ അഥവാ ഗർഭാശയഗള കാൻസറിനെക്കുറിച്ച് അറിയുകയും കാൻ‍സർ മൂലം ഉണ്ടാകുന്ന മരണനിരക്ക് ഇല്ലാതാക്കുകയും ചെയ്യാമായിരുന്നു.

സെർവിക്സ് എന്നാൽ ഗർഭപാത്രത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗമാണ്. അതായത് ഗർഭപാത്രം തുറക്കുന്ന സ്ഥലം. ഗർഭപാത്രത്തെയും വജൈനയെയും ബന്ധിപ്പിക്കുന്ന ഭാഗം. സെർവിക്സിനെ ബാധിക്കുന്നതാണ് സെർവിക്കൽ കാൻസർ. ലൈംഗികബന്ധത്തിലൂടെ പകരുന്ന എച്ച്പിവി എന്ന ഹ്യൂമൻ പാപ്പിലോമ വൈറസ് ആണ് സെർവിക്കൽ കാൻസറിനു കാരണമാകുന്നത്. ഗർഭാശയ കാൻസറിനെകുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഗർഭാശയഗള കാൻസറിനെ കുറിച്ച് കേൾക്കാത്തവരായിരിക്കും പലരും..

സംസ്ഥാനത്ത് ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധത്തിനായി പ്ലസ് വണ്‍, പ്ലസ് ടു വിദ്യാർഥിനികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ജൂലൈ അവസാനം വ്യക്തമാക്കിയിരുന്നു. 9 മുതല്‍ 14 വയസ്സുവരെയാണ് എച്ച്പിവി വാക്‌സീന്‍ ഏറ്റവും ഫലപ്രദമെന്നതിനാലാണ് ഇൗ നീക്കം. വാക്‌സീന്‍ കൊണ്ട് പ്രതിരോധിക്കാന്‍ സാധിക്കുന്നതാണ് ഗര്‍ഭാശയഗള കാന്‍സര്‍. 26 വയസ്സുവരെ എച്ച്പിവി വാക്‌സീന്‍ നല്‍കാം. സ്ഥിരമായി എച്ച്പിവി ബാധ ഉണ്ടാകുന്നവർക്ക് സെർവിക്കൽ കാൻസർ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. വളരെ നേരത്തെ ലൈംഗികബന്ധം ആരംഭിക്കുന്ന യുവതികൾക്കും അതേ പോലെ ഒന്നിൽകൂടുതൽ ആളുകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകൾക്കും സെർവിക്കൽ കാൻസർ സാധ്യത കൂടുതലായിരിക്കും. പുകവലിയും സെർവിക്കൽ കാൻസറിന് മറ്റൊരു കാരണമാണ്. രോഗപ്രതിരോധശേഷി കുറവുള്ളവരിലും എച്ച്ഐവി ബാധിതരിലുമെല്ലാം സെർവിക്കൽ കാൻസർ വന്നേക്കാമെന്ന് പഠനങ്ങൾ പറയുന്നു. സെർവിക്കൽ കാൻസറിനെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെക്കുറിച്ചുമൊക്കെ വിശദീകരിക്കുകയാണ് മലപ്പുറം എടവണ്ണപ്പാറ ലൈഫ്കെയർ ഹോസ്ഫിറ്റൽ മാനേജിങ് ഡയറക്ടറും ഗൈനക്കോളജിസ്റ്റുമായ ഡോ. അയ്‌ഷാബി.

നമുക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യുന്നതും ഇഷ്ടമുള്ളതെല്ലാം വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നതും മാത്രമാണ് സെൽഫ് ലവ് എന്നു ധരിക്കരുത്. ആരോഗ്യ സംരക്ഷണത്തിനു ജിമ്മിൽ പോയാൽ മാത്രം മതി എന്നു ചിന്തിക്കുന്നവരും നമുക്കിടയിലുണ്ട്. ഇതെല്ലാം ചെയ്യണം പക്ഷേ, അതിനൊപ്പം നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ കൃത്യമായി നിരീക്ഷിക്കാനും കഴിയണം. അതിനാണ് സ്ക്രീനിങ്. കാൻസറിന്റെ ആരംഭഘട്ടത്തിൽ പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും കാണിക്കണമെന്നില്ല. പക്ഷേ, ഇടയ്ക്കിടെ സ്ക്രീനിങ് നടത്തുന്നതിലൂടെ ശരീരത്തിലെ മാറ്റങ്ങളറിയാം. എച്ച്പിവി ശരീത്തെ ബാധിച്ചിട്ടുണ്ടോ എന്നും മനസ്സിലാക്കി നേരത്തെ തന്നെ കൃത്യമായ ചികിത്സ നടത്താൻ സാധിക്കും. പാപ് സ്മിയർ ടെസ്റ്റിലൂടെയാണ് സ്ക്രീനിങ് നടത്തുന്നത്. സെർവിക്സിന്റെ ഉപരിതലത്തിൽനിന്നും ചുറ്റുമുള്ള ഭാഗങ്ങളിൽനിന്നും കോശങ്ങൾ എടുത്ത് മൈക്രോസ്കോപിലൂടെ പരിശോധിക്കുന്ന പ്രക്രിയയാണ് പാപ് സ്മിയർ ടെസ്റ്റിൽ ചെയ്യുന്നത്. സെർവിക്കൽ കാൻസറിനെ കുറിച്ചും എച്ച്പിവിയുടെ സാന്നിധ്യത്തെ കുറിച്ചും ടെസ്റ്റിലൂടെ മനസ്സിലാക്കാൻ സാധിക്കും. സ്ത്രീകൾ തുടർച്ചയായി പാപ് സ്മിയർ ടെസ്റ്റ് നടത്തുകയാണ് വേണ്ടത്. സ്ക്രീനിങ് പോലെതന്നെ പ്രധാനമാണ് വാക്സിനേഷനും. വാക്സീൻ എടുക്കാൻ പലരും മടിക്കുന്നതും അതിനെ കുറിച്ചുള്ള അറിവില്ലായ്മയും സെർവിക്കൽ കാൻസറിനെ ക്ഷണിച്ചുവരുത്തുന്നതു പോലെയാണ്.

കാൻസറിന്റെ പ്രാരംഭഘട്ടത്തിൽ ലക്ഷണങ്ങൾ പ്രകടമാകില്ല, എന്നാൽ വൈകുംതോറും ശരീരം കാൻസറിന്റെ ലക്ഷണങ്ങൾ പ്രകടമാക്കിത്തുടങ്ങും. ലക്ഷണങ്ങൾ അവഗണിക്കുന്നതാണ് രോഗാവസ്ഥ വളരെ മോശമാകുന്നതിനും മരണത്തിനു പോലും കാരണമാകുകയും ചെയ്യുന്നത്. ആർത്തവചക്രം തെറ്റുന്നത് സെർവിക്കൽ കാൻസറിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. ലൈംഗികബന്ധത്തിലേർപ്പെട്ടതിനു ശേഷമുണ്ടാകുന്ന ബ്ലീഡിങ്, വൈജൈന ദുർഗന്ധമുള്ള വെള്ളം പുറന്തള്ളുക, ഇടയ്ക്കിടെ ബ്ലീഡിങ് ഉണ്ടാകുക, കാലുവേദന, പുറംവേദന, അടിവയറ്റിൽ വേദന, ലൈംഗികബന്ധത്തിനിടെ വേദനയുണ്ടാകുക തുടങ്ങിയവ സെർവിക്കൽ കാൻസറിന്റെ ലക്ഷണങ്ങളാകാം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts