ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ ലഭിക്കുന്ന കറുത്ത പ്ലാസ്റ്റിക് ബോക്സുകൾ പലരും പിന്നീടും ഉപയോഗിക്കാറുണ്ട്. സൗകര്യപ്രദമെന്ന് കരുതി നമ്മൾ സ്ഥിരമായി ഉപയോഗിക്കുകയും കഴുകി സൂക്ഷിക്കുകയും ചെയ്യുന്ന ഈ പാത്രങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് വ്യക്തമാക്കുന്നതാണ് ന്യൂട്രിഷനിസ്റ്റ് ഡോ. നന്ദിത അയ്യർ പങ്കുവെച്ച പോസ്റ്റ്.
പഴയ ടെലിവിഷനുകൾ, റിമോട്ടുകൾ തുടങ്ങിയ ഇലക്ട്രോണിക് അവശിഷ്ടങ്ങളും പി.വി.സി പ്ലാസ്റ്റിക്കുകളും പുനരുപയോഗം ചെയ്താണ് പലപ്പോഴും ഇത്തരം കറുത്ത പാത്രങ്ങൾ നിർമ്മിക്കുന്നത്. വിവിധയിനം പ്ലാസ്റ്റിക്കുകൾ കലർത്തുമ്പോഴുണ്ടാകുന്ന നിറവ്യത്യാസം മറയ്ക്കാനാണ് ഇവയ്ക്ക് കറുത്ത ഡൈ നൽകുന്നത്. ഇത്തരം പ്ലാസ്റ്റിക്കുകളിൽ അടങ്ങിയിരിക്കുന്ന ‘ഫ്ലേം റിട്ടാർഡന്റുകൾ’ (തീപിടുത്തം തടയാൻ ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ ചേർക്കുന്ന രാസവസ്തുക്കൾ), കനത്ത ലോഹങ്ങൾ എന്നിവ ഭക്ഷണത്തിൽ കലരാൻ സാധ്യതയുണ്ടെന്ന് ഡോ. നന്ദിത പറയുന്നു.
കറുത്ത പ്ലാസ്റ്റിക് പാത്രങ്ങളിൽ ചൂടുള്ളതോ എണ്ണമയമുള്ളതോ ആയ ഭക്ഷണം വിളമ്പുമ്പോഴാണ് രാസവസ്തുക്കൾ ഭക്ഷണത്തിലേക്ക് പടരുന്നത്. പ്രത്യേകിച്ച്, മൈക്രോവേവ് അവ്നിൽ വെച്ച് ഇത്തരം പാത്രങ്ങളിൽ ഭക്ഷണം ചൂടാക്കുന്നത് അപകടകരമാണ്. ഹോർമോൺ വ്യതിയാനങ്ങൾ, നാഡീവ്യൂഹ സംബന്ധമായ പ്രശ്നങ്ങൾ, കുട്ടികളിലെ വളർച്ചാ വൈകല്യങ്ങൾ എന്നിവയ്ക്ക് ഈ രാസവസ്തുക്കൾ കാരണമായേക്കാമെന്നും പോസ്റ്റിൽ പറയുന്നു.ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:ഓൺലൈനായി ഭക്ഷണം എത്തിയാൽ ഉടൻ തന്നെ അത് സ്റ്റീൽ പാത്രത്തിലേക്കോ ഗ്ലാസ് പാത്രത്തിലേക്കോ മാറ്റുക.ഒരു കാരണവശാലും കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾ മൈക്രോവേവ് അവ്നിൽ ഉപയോഗിക്കരുത്.ഇവ കഴുകി വീണ്ടും ഭക്ഷണം സൂക്ഷിക്കാൻ ഉപയോഗിക്കുന്നത് ഒഴിവാക്കുക.കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾ ഒഴിവാക്കാൻ ഓർഡർ നൽകുമ്പോൾ തന്നെ റസ്റ്ററന്റുകളോട് ആവശ്യപ്പെടുക. വെളുത്ത പ്ലാസ്റ്റിക് പാത്രങ്ങൾ പൂർണ്ണമായും സുരക്ഷിതമല്ലെങ്കിലും കറുത്തവയെ അപേക്ഷിച്ച് ഭേദമാണെന്നും അവർ പറയുന്നു.പേപ്പർ കണ്ടെയ്നറുകൾ ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം. അവയിൽ പ്ലാസ്റ്റിക് കോട്ടിങ് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഭക്ഷണം പാത്രങ്ങളിലേക്ക് മാറ്റി ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം.














