Kerala

‘ഗോവിന്ദച്ചാമിക്ക് ജയിൽ അഴി മുറിക്കുക എളുപ്പമല്ല, ആയുധം അവ്യക്തം

കണ്ണൂർ ∙ പൊലീസ് കണ്ടെടുത്ത ആയുധം ഉപയോഗിച്ചു ഗോവിന്ദച്ചാമിക്ക് ജയിലിന്റെ അഴി മുറിക്കുക എളുപ്പമല്ലെന്ന് റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ. കൊടുംകുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാൻ മുൻ പൊലീസ് മേധാവി ജേക്കബ് പുന്നൂസിനൊപ്പം ജയിൽ സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സെല്ലിന്റെ കമ്പി മുറിക്കാന്‍ ഉപയോഗിച്ച ആയുധത്തില്‍ അവ്യക്തതയുണ്ടെന്നും സി.എന്‍. രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. നാലു കമ്പികളുടെ രണ്ട് അറ്റവും മുറിച്ചിട്ടുണ്ട്. ഇത്രയും ബലമുള്ള കമ്പി എത്ര ശ്രമിച്ചാലും ഒരു ചെറിയ ഉപകരണം കൊണ്ട് മുറിച്ചുമാറ്റാന്‍ സാധിക്കില്ല. കണ്ടിട്ട് വലിയ വൈദഗ്ധ്യത്തോടെ മുറിച്ചതുപോലെയുണ്ട്. ഇത്രയും ദിവസമെടുത്ത് ആ കമ്പികള്‍ മുറിച്ചു മാറ്റിയത് എന്തുകൊണ്ട് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടില്ല. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചു. വളരെ പഴക്കമുള്ള ജയിലാണ് കണ്ണൂരിലേത്. അതിന്റെ ഭിത്തികളിലൊക്കെ തകരാറുണ്ട്. മൊത്തത്തിൽ പരിഷ്കാരം വേണമെന്നും അദ്ദേഹം പറഞ്ഞു.

ഗോവിന്ദച്ചാമി ജയില്‍ ചാടിയ രീതി അന്വേഷണ സമിതി വിശദമായി പരിശോധിച്ചു. സുരക്ഷാ വീഴ്ച്ചയുണ്ടെന്നും വിലയിരുത്തി. അന്വേഷണ സമിതിയുടെ നേതൃത്വത്തിൽ ഉന്നത ജയില്‍ ഉദ്യോഗസ്ഥരുടെ യോഗവും ചേർന്നു. രണ്ടു ദിവസമാണ് സംഘം ജയിലിൽ പരിശോധന നടത്തിയത്. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടമുൾപ്പെടെ ജയിലുകളിലെ സാഹചര്യം പഠിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് പ്രത്യേക രണ്ടംഗ അന്വേഷണ സംഘത്തെ നിയോഗിച്ചത്. സംസ്ഥാനത്തെ മറ്റു ജയിലുകളുടെ സാഹചര്യങ്ങളും പഠിച്ച ശേഷമായിരിക്കും സംഘം റിപ്പോർട്ട് സമർപ്പിക്കുന്നത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.