കാസർകോട് ∙ പ്രായപൂർത്തിയാകാത്ത സഹോദരന് സ്കൂട്ടർ ഓടിക്കാൻ നൽകിയെന്ന് കാരണം പറഞ്ഞ് പൊലീസെടുത്ത കേസ് പൊളിച്ച് പത്തൊൻപതുകാരി. മേനങ്കോട് സ്വദേശിയായ മാജിദയാണ് അന്യായമായി കേസെടുത്ത വിദ്യാനഗർ എസ്ഐക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ചെർക്കള–ബേർക്ക റോഡിലാണ് സംഭവം.
അനുജനെ സ്കൂട്ടറിലിരുത്തി യുവതി കടയിൽ കയറി. ഈ സമയത്ത് പൊലീസ് ജീപ്പ് എത്തുകയും സ്കൂട്ടറിൽ ഇരിക്കുന്ന വിദ്യാർഥിയാണ് ഓടിച്ചതെന്ന് കരുതി സ്കൂട്ടർ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു. താനല്ല ഓടിച്ചതെന്ന് വിദ്യാർഥി പറഞ്ഞിട്ടും കേൾക്കാൻ പൊലീസ് തയാറായില്ലെന്ന് മാജിദ പറഞ്ഞു. പ്രായപൂർത്തിയാകാത്ത സഹോദരൻ സ്കൂട്ടർ ഓടിച്ചെന്ന പേരിലാണ് ഉടമയായ മാജിദയ‌്‌ക്കെതിരെ കേസെടുത്തത്. ഇതോടെയാണ് സിസിടിവി ദൃശ്യത്തിന്റെ സഹായത്തോടെ മാജിദ പൊലീസ് കള്ളക്കേസാണെടുത്തതെന്ന് തെളിയിച്ചത്. സഹോദരനൊപ്പം യാത്ര ചെയ്തപ്പോൾ മാജിദയാണ് സ്കൂട്ടർ ഓടിച്ചതെന്ന് സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്.
സ്കൂട്ടർ നിർത്തി മാജിദയും സഹോദരനും നടന്നു പോകുന്നതും ദൃശ്യത്തിലുണ്ട്. സഹോദരൻ തിരിച്ചുവന്ന് സ്കൂട്ടറിനു സമീപം നിൽക്കുമ്പോഴാണ് പൊലീസ് വാഹനം എത്തിയത്. വിദ്യാർഥിയെ വിളിച്ച് പൊലീസ് ചോദ്യം ചെയ്യുന്നതും കാണാം. തുടർന്ന് സ്കൂട്ടർ പിടിച്ചെടുക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം ഹാജരാക്കിയിട്ടും എഫ്ഐആർ റദ്ദാക്കുകയോ വാഹനം വിട്ടുനൽകുകയോ ചെയ്തില്ലെന്നാണ് മാജിദ ആരോപിക്കുന്നത്. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയ ശേഷം കഴിഞ്ഞ ദിവസമാണ് വാഹനം വിട്ടു നൽകിയത്. തുടർന്നാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടത്. അതേ സമയം, വിദ്യാർഥി വാഹനം ഓടിച്ചെന്ന വകുപ്പ് ഒഴിവാക്കുമെന്നും വാഹനത്തിന് ഇൻഷുറൻസ് ഇല്ലാത്തതിന് കേസുണ്ടാകുമെന്നും വിദ്യാനഗർ പൊലീസ് അറിയിച്ചു.














