രാത്രിയിൽ വൈദ്യുതി പോയാൽ അടുത്ത വീട്ടിൽ കറന്റുണ്ടോ… എന്ന് ആദ്യം അന്വേഷിക്കും. എവിടെയും കറന്റ് ഇല്ലെങ്കിൽ കുറച്ചു സമയം ടെൻഷൻ അടിച്ചിരുന്ന് നേരെ കെ എസ് ഇ ബിയിലേക്ക് വിളിക്കും. എന്നിട്ടും വന്നില്ലെങ്കിൽ ഉള്ള കഞ്ഞിയും കുടിച്ച് കിടന്നുറങ്ങും. എന്നാൽ, മംഗലാപുരത്തിന് അടുത്ത് ഒരു ഗ്രാമത്തിൽ വൈദ്യുതി നിലച്ചപ്പോൾ നടന്നത് ഇതൊന്നുമല്ല. ഫൊട്ടോഗ്രാഫറായ ഒരു പയ്യൻ ഗ്രാമം മൊത്തം പവർകട്ടിൽ മുങ്ങിയപ്പോൾ ക്യാമറ നേരെ ആകാശത്തിലേക്ക് ഉയർത്തി.
ആ ക്യാമറയിൽ പതിഞ്ഞത് മിൽക്കിവേ അഥവാ ക്ഷീരപഥം ആയിരുന്നു. മംഗലാപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൊട്ടോഗ്രാഫർ ബ്രിജേഷ് നായക് ആണ് മിൽക്കിവേ ക്യാമറയിൽ പകർത്തിയത്. മംഗലാപുരത്തിന് അടുത്തുള്ള കെപു ഗ്രാമത്തിൽ നിന്നാണ് ബ്രിജേഷിന്റെ ക്യാമറയിൽ ഈ മനോഹരദൃശ്യം പതിഞ്ഞത്. മനോഹരമായ പദഭംഗിയോടെയാണ് മിൽക്കിവേയുടെ കാഴ്ചയിലേക്ക് റീലിലൂടെ ബ്രിജേഷ് പ്രേക്ഷകനെ ക്ഷണിക്കുന്നത്.
‘കനത്ത മഴയെയും കാറ്റിനെയും തുടർന്ന് ഗ്രാമത്തിൽ രണ്ടു ദിവസമായി വൈദ്യുതി ഇല്ലായിരുന്നു. ഞാൻ വീട്ടിൽ ബോറടിച്ച് ഇരിക്കുകയായിരുന്നു. അതുകൊണ്ട് കുറച്ച് കാറ്റ് ലഭിക്കാനായി ഞാൻ വീടിന് പുറത്തേക്ക് ഇറങ്ങി. ഞാൻ മുകളിലേക്ക് നോക്കിയപ്പോൾ അസാധാരണമായ എന്തോ ഒന്ന് കണ്ടു. അത് ഒരു മേഘം പോലെ കാണപ്പെട്ടു. മഴക്കാലമായതിനാൽ തന്നെ ഞാൻ കൂടുതലൊന്നും ആലോചിച്ചില്ല. എന്നാൽ, പിന്നീട് ശ്രദ്ധിച്ചപ്പോൾ നക്ഷത്രങ്ങൾ അതിൽ തിളങ്ങുന്നത് കണ്ടു. ഞാൻ ക്യാമറ എടുത്ത് ലോംഗ് എക്സ്പോഷറിൽ ഫോട്ടോ എടുത്തു. അപ്പോളാണ് അത് മേഘങ്ങൾ അല്ലെന്ന് മനസ്സിലായത്, അത് ക്ഷീരപഥം ആയിരുന്നു’ – മനോഹരമായ ഈ കുറിപ്പിന് ശേഷമാണ് ക്ഷീരപഥത്തിന്റെ ചിത്രം എത്തുന്നത്.
‘ആദ്യമായി ക്ഷീരപഥം കണ്ടു’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. മനോഹരമായ നിരവധി കമൻ്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ‘പ്രകാശ മലിനീകരണമാണ് ജ്യോതിശാസ്ത്ര ഫോട്ടോഗ്രാഫിയുടെ ഏറ്റവും വലിയ ശത്രു. നിങ്ങളുടെ ചിത്രങ്ങൾ ശരിക്കും ഗംഭീരമാണ്. ഇതുപോലുള്ള ഫോട്ടോകൾ എനിക്കും എടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു’, എന്നാണ് ഒരാൾ കുറിച്ചത്.