Listen live radio

കോന്നിയിൽ അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി;സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി

after post image
0

- Advertisement -

 

 

തിരുവനന്തപുരം: സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയിൽ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവർത്തനക്ഷമമാക്കുന്നതോടെ പ്രതിവർഷം ഏകദേശം 4500 മരുന്നുകൾ പരിശോധിക്കുവാൻ സാധിക്കുന്നതാണ്. ഇതോടെ സംസ്ഥാനത്ത് മൊത്തം പ്രതിവർഷം പരിശോധിക്കുന്ന മരുന്നുകളുടെ എണ്ണം 15,000 ആയി വർദ്ധിക്കുന്നതാണ്. കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ വിതരണം നടത്തുന്ന മരുന്നുകളുടെ ഗുണനിലവാര പരിശോധന നടത്തുവാനാണ് ഉദ്ദേശിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

ഗുണനിലവാരമുള്ള മരുന്നുകൾ മിതമായ വിലക്ക് ജനങ്ങൾക്ക് ലഭ്യമാക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഏകദേശം 20,000 കോടിയോളം രൂപയുടെ വിറ്റുവരവുള്ള സംസ്ഥാന ഔഷധവിപണയിൽ, മരുന്നുകളെല്ലാം തന്നെ അന്യസംസ്ഥാനത്ത് നിന്നാണ് ലഭ്യമായി കൊണ്ടിരിക്കുന്നത്. അതിനാൽ വിപണിയിൽ എത്തുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുകയെന്നത് സർക്കാരിന്റെയും ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെയും ഭാരിച്ച ചുമതലയാണ്. സംസ്ഥാനത്ത് മൂന്ന് മരുന്ന് പരിശോധന ലബോറട്ടറികളാണ് നിലവിലുള്ളത്. ഗുണനിലവാരമുള്ള മരുന്നുകൾ തുടർന്നും ജനങ്ങൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ കോന്നി ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. നിർമാണം ആരംഭിച്ച് ഒന്നര വർഷം കൊണ്ട് 15,000 ചതുരശ്ര അടിയിൽ മൂന്നു നിലയിലായാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ലാബ് സജ്ജമാക്കിയിരിക്കുന്നത്.

ലാബിന്റെ ഉദ്ഘാടനം സെപ്റ്റംബർ 23-ാം തീയതി വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.

 

Leave A Reply

Your email address will not be published.