Listen live radio

മോൻസൺ കാറുകൾ വാങ്ങിയത് 500 രൂപക്ക്; പറ്റിച്ചെന്ന് ത്യാഗരാജൻ

after post image
0

- Advertisement -

 

കൊച്ചി: 20 വർഷം വരെ പഴക്കമുള്ള ഇറക്കുമതി കാറുകൾ പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കൽ കൈക്കലാക്കിയത് ചുളുവിലയ്‌ക്കെന്ന് പരാതി. ബെൻസ്, ബി.എം.ഡബ്ല്യു, പോർഷെ തുടങ്ങിയ ആഡംബര കാറുകളാണ് ബംഗളൂരുവിലെ ത്യാഗരാജൻ എന്നയാളിൽനിന്ന് വാങ്ങിയത്. എന്നാൽ, പണം തരാതെ തന്നെ പറ്റിച്ചതായി ത്യാഗരാജൻ പറഞ്ഞു.

ബെംഗളൂരു കോർപറേഷൻ സർക്കിളിൽ പഴയ ആഡംബരക്കാറുകളുടെ വിൽപന നടത്തുകയാണ് ത്യാഗരാജൻ. 500 രൂപ മാത്രം നൽകിയാണ് ഏഴ് ആഡംബര വാഹനങ്ങൾ മോൻസൻ കൊച്ചിയിലെത്തിച്ചത്. റേഞ്ച് റോവർ വാങ്ങാനാണ് മോൻസൻ ആദ്യം ത്യാഗരാജൻറെ ഗാരേജിൽ എത്തിയത്. ഇതിന് 5 ലക്ഷം രൂപ നൽകി. ബാക്കിയുള്ളവക്ക് 500 രൂപ അഡ്വാൻസ് മാത്രമാണ് നൽകിയതത്രെ. പണം ചോദിക്കുമ്പോഴാക്കെ, അക്കൗണ്ടിൽ ‘മരവിപ്പിച്ച’ കോടിക്കണക്കിന് രൂപയുടെ കഥ പറഞ്ഞാണ് ത്യാഗരാജനെയും വീഴ്ത്തിയത്. കാറുകൾക്ക് എല്ലാം കൂടി രണ്ടു കോടി രൂപയോളം വിലവരുമെന്ന് ത്യാഗരാജൻ പറയുന്നു.

അതിനിടെ, മോൻസൺ ലാപ്‌ടോപ്പും നോട്ടെണ്ണൽ യന്ത്രവും ഘടിപ്പിച്ച ലിമോസ് കാറിന് ഇൻഷുറൻസുപോലുമില്ല. ഏഴ് വാഹനത്തിന്റെ നമ്പർ പ്ലേറ്റുകളും വ്യാജം. ലക്‌സസ്, റേഞ്ച്‌റോവർ എന്നിവയുടെ വിവരമൊന്നും പരിവാഹൻ വെബ്‌സൈറ്റിലില്ല. ഫെരാരി രൂപമാറ്റം വരുത്തിയതാണെന്ന് വ്യക്തമായിട്ടുണ്ട്. ഇതിൽ ഹരിയാന രജിസ്‌ട്രേഷനിലുള്ള ഒന്നുമാത്രമാണ് മോൻസണിന്റെ പേരിലുള്ളത്. ഈ രജിസ്‌ട്രേഷൻ 2019ൽ അവസാനിച്ചു.

വൻകിട കാറുകൾ മുറ്റത്ത് നിരത്തിയിട്ട് വമ്പൻ സെറ്റപ്പാണെന്ന് വരുത്തിത്തീർക്കുക മാത്രമായിരുന്നു മോൻസണിൻറെ ലക്ഷ്യം. പലതും മൂന്നും നാലും കൈമറിഞ്ഞതാണെന്ന് സംശയിക്കുന്നു. കാറുകളിൽ ചിലത് പരാതിക്കാർക്കും ഇയാൾ കൈമാറിയിട്ടുണ്ട്. കാറുകളുടെ എൻജിൻ നമ്പറും ഷാസി നമ്പറും കണ്ടെത്തി യഥാർഥ ഉടമകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മോട്ടോർ വാഹന വകുപ്പ്. വെള്ളിയാഴ്ചയും മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന തുടർന്നു. മോൻസണിന്റെ ആഡംബര കാർ ഇടപാട് അന്വേഷിക്കാൻ മോട്ടോർ വാഹന വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഉടമസ്ഥാവകാശം വ്യക്തമായാൽ കാർ രൂപമാറ്റം വരുത്തിയതിന് മോൺസണിനെതിരെ നടപടിയുണ്ടാകും.

 

Leave A Reply

Your email address will not be published.