Listen live radio

82കാരിയായ ഭാര്യ വെട്ടേറ്റു മരിച്ച നിലയിൽ; 85 കാരനായ ഭർത്താവ് പരിക്കുകളോടെ കിണറ്റിനുള്ളിൽ

after post image
0

- Advertisement -

 

 

കോട്ടയം: ഉഴവൂരിൽ നാടിനെ ഞെട്ടിച്ച് വയോധികയുടെ മരണം. ഉഴവൂർ ചേറ്റുകുളം ഉറുമ്പിയിൽ ഭാരതിയമ്മയെ (82) വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ ഭർത്താവ് രാമൻകുട്ടിയെ ഉഴവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിണറ്റിൽ വീണുകിടക്കുന്ന നിലയിലാണ് രാമൻ കുട്ടിയെ കണ്ടത്. സംഭവത്തിൽ കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇന്ന് പുലർച്ചെ 5.30നാണ് സംഭവം നടന്നത്. ചേറ്റുകുളത്തെ വീട്ടിൽ കഴിയുകയായിരുന്നു ഇരുവരും. ഇവരുടെ മക്കളായ സോമനും കുടുംബവും ഇതേ വീട്ടിൽ തന്നെയായിരുന്നു താമസം. പുലർച്ചെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ഭാരതിയമ്മ വെട്ടേറ്റ് കിടക്കുന്നത് കണ്ടത്. തുടർന്ന് പരിശോധിച്ചപ്പോൾ ഇവരുടെ ഭർത്താവായ രാമൻ കുട്ടിയെ തൊട്ടടുത്ത കിണറ്റിൽ കാണപ്പെടുകയായിരുന്നു.

സംഭവത്തിൽ ഇനിയും വ്യക്തത വരാനുണ്ട് എന്ന് കുറവിലങ്ങാട് സർക്കിൾ ഇൻസ്‌പെക്ടർ മാധ്യമങ്ങളോട് പറഞ്ഞു. രാമൻകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇയാളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ 85 വയസ്സുള്ള ആളായതിനാൽ തന്നെ കൃത്യമായി കാര്യങ്ങൾ ഓർത്തെടുത്ത് പറയുന്നില്ല എന്നും പോലീസ് പറഞ്ഞു.

വീട്ടുകാരിൽ നിന്നും കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. കൊലപാതകം നടക്കുന്ന കാര്യമായ ശബ്ദങ്ങൾ ഒന്നും വീട്ടുകാരും കേട്ടില്ല. സംഭവം നടന്നയുടൻ തന്നെ ഭാരതിയമ്മയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതുകൊണ്ടുതന്നെ മൃതദേഹം നേരിൽ കാണാൻ കഴിഞ്ഞില്ല എന്നും പോലീസ് വ്യക്തമാക്കി. മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന രാമൻകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഭാരതിയമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ് കൊണ്ടുവന്നത്. ഇവരുടെ മൃതദേഹം ഇവിടെ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് നൽകുന്ന വിവരം അനുസരിച്ച് ഇവരുടെ തലയ്ക്കാണ് വെട്ടേറ്റത്. എന്നാൽ എത്രത്തോളം മുറിവുണ്ട് എന്ന കാര്യം ദൃക്‌സാക്ഷികൾ വ്യക്തമായി പോലീസിന് മൊഴി നൽകിയിട്ടില്ല. നേരിട്ടെത്തി മൃതദേഹം കണ്ട ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമമായ വ്യക്തത വരുത്താനാകൂ എന്ന് കുറവിലങ്ങാട് പോലീസ് വ്യക്തമാക്കി.

ഇരുവർക്കുമിടയിൽ കാര്യമായ വഴക്കുകൾ ഒന്നും നിലനിന്നിരുന്നില്ല എന്നാണ് നാട്ടുകാരും വീട്ടുകാരും നൽകിയ പ്രാഥമികമായ മൊഴി. അങ്ങനെയെങ്കിൽ എന്തിനാണ് ഇത്രയും പ്രായമേറിയ ഭാര്യയെ അതിലും പ്രായമുള്ള ഭർത്താവ് വെട്ടിക്കൊന്നത് എന്ന സംശയമാണ് പോലീസിനും നാട്ടുകാർക്കും വീട്ടുകാർക്കും ഉള്ളത്. വൈകാതെ ഈ കാര്യത്തിൽ ദുരൂഹത നീക്കാനാകുമെന്ന് കുറവിലങ്ങാട് സ്റ്റേഷൻഹൗസ് ഓഫീസർ വ്യക്തമാക്കി. കോട്ടയം മെഡിക്കൽ കോളേജിൽ എത്തി മൃതദേഹ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം.

സംഭവം കൊലപാതകമെന്ന മൊഴിയാണ് സമീപവാസികളും പ്രാഥമികമായി നൽകിയിരിക്കുന്നത്. എന്നാൽ മൃതദേഹം നേരിട്ട് കാണാതെ ഇക്കാര്യം സ്ഥിരീകരിക്കാനാകില്ല എന്ന നിലപാടിലാണ് പോലീസ്. പുറത്തു നിന്നുള്ള ആക്രമണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്നും പോലീസ് പറയുന്നു. സംഭവം നടന്ന സമയം വീട് അടച്ചിട്ട നിലയിൽ തന്നെയായിരുന്നു എന്നാണ് പോലീസ് അന്വേഷിച്ചപ്പോൾ കണ്ടെത്തിയത്. ഏതായാലും ഇത്രയധികം പ്രായം ഉള്ളവർ തമ്മിൽ എന്തു പ്രശ്‌നമായിരുന്നു നിലനിന്നത് എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്.

 

Leave A Reply

Your email address will not be published.