Listen live radio

നരഭോജി കടുവ വീണ്ടും ഇറങ്ങിയതായി സംശയം

after post image
0

- Advertisement -

 

ഗൂഡല്ലൂർ: നാലുപേരെ ഇരയാക്കിയ നരഭോജി കടുവ വീണ്ടും ദേവൻ എസ്‌റ്റേറ്റ് ഭാഗത്തുതന്നെ എത്തിയതായി സംശയം. ഇതുസംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചതോടെ ചൊവ്വാഴ്ച തോട്ടം തൊഴിലാളികൾ ജോലിക്ക് പോകരുതെന്ന് മാനേജ്‌മെൻറ് അറിയിച്ചു. അവസാനമായി മസിനഗുഡിയിൽ കടുവക്കിരയായത് മങ്കളബസുവൻ എന്ന ആദിവാസി വയോധികനാണ്.

സെപ്റ്റംബർ 24നാണ് ദേവൻ എസ്‌റ്റേറ്റിലെ ചന്ദ്രനെ കടുവ ആക്രമിച്ച് കൊന്നത്. തൊഴിലാളികളുടെ മരണത്തെത്തുടർന്ന് ശക്തമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതോടെയാണ് കടുവയെ പിടികൂടാനുള്ള ഉത്തരവും സന്നാഹവും തയ്യാറായത്. അന്നുമുതൽ തുടങ്ങിയ തിരച്ചിൽ ദേവൻ, മേഫീൽഡ് ഭാഗങ്ങളിൽ നടന്നെങ്കിലും കടുവ രക്ഷപ്പെട്ടു മസിനഗുഡിയിൽ എത്തുകയായിരുന്നു. 17 ദിവസം പിന്നിട്ടിട്ടും കടുവയെ കണ്ടെത്താനായിട്ടില്ല. മസിനഗുഡി ഭാഗത്ത് വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച കാമറകളിൽ പതിഞ്ഞ കടുവകൾ T23 എന്ന് നമ്പറിട്ട് തിരയുന്ന കടുവയല്ലെന്നാണ് വനപാലകർ വ്യക്തമാക്കുന്നത്.

ഇപ്പോൾ, കടുവ മസിനഗുഡി ഭാഗത്തുനിന്ന് മാറി ദേവൻ എസ്‌റ്റേറ്റ് ഭാഗത്തേക്കുതന്നെ കടന്നതായാണ് പറയുന്നത്. മുതുമല കോഴികണ്ടി ഭാഗത്തും കടുവയെ കണ്ടതായി സ്ഥിരീകരിച്ചിട്ടുണ്ട് . അതിനാൽതന്നെ മുതുമല, ശ്രീമധുര, ദേവൻ എസ്‌റ്റേറ്റ്, മേഫീൽഡ് ഭാഗങ്ങളിലുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് വനപാലകരുടെ മുന്നറിയിപ്പ്.

ശ്രീമധുര ഗ്രാമപഞ്ചായത്തിൽ പ്രസിഡൻറ് കെ.ആർ. സുനിലിന്റെ നേതൃത്വത്തിൽ മൈക്കിലൂടെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പു വിളിച്ചുപറഞ്ഞു. ഇതിനിടെ വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ ഭാഗത്തേക്കും കടന്നതായും പറയപ്പെടുന്നു.

 

Leave A Reply

Your email address will not be published.