ബെംഗളൂരു∙ കർണാടകയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനി സ്കൂളിലെ ശുചിമുറിയിൽ പ്രസവിച്ചു. ഷഹപുർ താലൂക്കിലെ സ്കൂളിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 28കാരനെ പൊലീസ് അറസ്റ്റു ചെയ്തു. സ്കൂൾ സമയത്തിനിടെയാണ് പതിനേഴുകാരിയായ വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചത്. തുടർന്ന് സഹപാഠികൾ വിവരം സ്കൂൾ അധികൃതരെ അറിയിച്ചു. അധികൃതർ ഉടൻ തന്നെ വിദ്യാർഥിനിയെയും കുഞ്ഞിനെയും അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഒമ്പതുമാസം മുമ്പ് അജ്ഞാത വ്യക്തി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്. ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയായിരുന്നു പെൺകുട്ടി. കഠിനമായ വയറുവേദന അനുഭവപ്പെട്ടതോടെ ശുചിമുറിയിൽ പോകുകയും തുടർന്ന് പ്രസവിക്കുകയുമായിരുന്നെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. തുടർന്നാണ് പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമായാൽ കുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കുമെന്നും എന്താണ് സംഭവിച്ചതെന്ന് ചോദിച്ചറിയുമെന്നും പൊലീസ് വ്യക്തമാക്കി. ഹോസ്റ്റൽ വാർഡൻ, സ്കൂൾ പ്രിൻസിപ്പാൾ, വിദ്യാർഥിനിയുടെ സഹോദരൻ, നഴ്സ് എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടി ഗർഭിണിയാണെന്ന വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കാത്തതിനാലാണ് ഇവർക്കെതിരെ കേസെടുത്തത്.














