സംസ്ഥാന സർക്കാറിന്റെ ‘ഓണത്തിന് ഒരുലക്ഷം തൊഴിൽ’ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മിഷൻ സംഘടിപ്പിക്കുന്ന തൊഴിൽ മേള ജില്ലയിൽ ആരംഭിച്ചു.സിഡിഎസ് തലത്തിലാണ് തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നത്. പനമരം, സുൽത്താൻ ബത്തേരി, പടിഞ്ഞാറത്തറ സിഡിഎസുകളിൽ തൊഴിൽ മേള സംഘടിപ്പിച്ചു. ജില്ലയിലെ മറ്റു സിഡിഎസുകളിൽ ഓണത്തിന് മുമ്പ് തൊഴിൽ മേളകൾ പൂർത്തിയാക്കും.
ഓണത്തിന് മുമ്പ് ജില്ലയിൽ 5000 പേർക്ക് തൊഴിൽ നൽകുകയാണ് ലക്ഷ്യം. ഗ്രാമപഞ്ചായത്തിലെ തൊഴിൽദാതാക്കളെയും ഉദ്യോഗാർഥികളെയും കണ്ടെത്തുന്നത് സിഡിഎസുകളുടെ നേതൃത്വത്തിലാണ്. അവസാന വർഷ ബിരുദധാരികൾ, പഠനം പൂർത്തിയാക്കിയ തൊഴിലന്വേഷകർ, ഏറ്റവും പെട്ടെന്ന് തൊഴിൽ ആവശ്യമുള്ളവർ എന്നിവരെ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മൊബിലൈസ് ചെയ്ത് അവരുടെ താത്പര്യത്തിനും യോഗ്യതക്കും അനുസരിച്ചുള്ള തൊഴിലിലേക്കെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.