ഓണത്തിന് മുൻപ് നെല്ല് വില നൽകാൻ സർക്കാർ തയ്യാറായില്ല: പി.കെ.എ. അസീസ്കൽപ്പറ്റ: കൃഷിക്കാരിൽ നിന്നും സർക്കാർ സംഭരിച്ച നെല്ലിന് ഓണത്തിന് മുൻപ് കുടിശ്ശിഖ നൽകുമെന്ന സർക്കാറിന്റെ പ്രഖ്യാപനം നടപ്പായില്ലെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ്. മെയ് മാസം കൊയ്ത പുഞ്ച കൃഷിയുടെ നെല്ല് സംഭരിച്ച സപ്ലൈക്കോ അഞ്ചു മാസമായിട്ടും പണം നൽകാൻ തയ്യാറായിട്ടില്ല. പലിശക്ക് കടമെടുത്തും സ്വർണം പണയം വെച്ചും കൃഷി ചെയ്ത നെല്ലിന്റെ വില ലഭിക്കാനാണ് കർഷകർ കനറാ ബേങ്കും, എസ്.ബി.ഐയും കയറിയിറങ്ങുന്നത്. ബേങ്കുകാരിൽ നിന്ന് തൃപ്തികരമായ മറുപടി പോലും ലഭിക്കാതെ നിരാശരായി മടങ്ങുകയാണ് കർഷകർ.
നെല്ലിന്റെ വില ലഭിക്കാത്തതിനാൽ തുടർ കൃഷി നടത്താൻ കർഷകർ വിഷമിക്കുകയാണ്.പ്രകൃതി ക്ഷോഭത്തിൽ കൃഷി നശിച്ച കർഷകർക്ക് 2021 മുതലുള്ള നഷ്ടപരിഹാരവും 2024 മുതലുള്ള വിള ഇൻഷ്വറൻസ് തുകയും കിട്ടാനുണ്ട്. മറ്റെല്ലാ ചിലവുകൾക്കും പണം കണ്ടെത്തിയ സർക്കാർ കൃഷിക്കാർക്ക് ആനുകൂല്യം നൽകുന്നതിന് ഫണ്ട് കണ്ടെത്താത്തത് കർഷകരോടുള്ള അവഗണനയാണെന്ന് മുഖ്യമന്ത്രിക്കും കൃഷി – ധനമന്ത്രിമാർക്കും അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.