Listen live radio

കാലവർഷക്കെടുതി: ശബരിമല റോഡുകൾക്കുണ്ടായ നാശനഷ്ടം പരിശോധിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

after post image
0

- Advertisement -

 

തിരുവനന്തപുരം: സംസ്ഥാനത്തെ കാലവർഷക്കെടുതി മൂലം ശബരിമല റോഡുകൾക്കുണ്ടായ നാശനഷ്ടം പരിശോധിക്കാനും ശബരിമല റോഡുകളുടെ പ്രവൃത്തി നിർമ്മാണ പുരോഗതി പരിശോധിക്കാനും ഉന്നതതല സംഘത്തെ നിയോഗിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.

ഇക്കാര്യങ്ങൾ വിലയിരുത്താൻ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പിഡബ്ല്യുഡി മിഷൻ യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം സാംബശിവറാവു ഐ എ എസിന്റെ നേതൃത്വത്തിലുള്ള ടീമിനെ നിയോഗിച്ചു. ഇതിന് പുറമേ മൂന്ന് ചീഫ് എഞ്ചിനിയർമാർ ഉൾപ്പെടുന്ന ടീം പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ശബരിമല പാതകളിലെ സ്ഥിതിഗതികൾ നേരിട്ടെത്തി വിലയിരുത്തും. കാലവർഷം, നിലവിലുള്ള ശബരിമല റോഡ് നിർമ്മാണ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും. പരിശോധനക്ക് ശേഷം വിശദമായ റിപ്പോർട്ട് നൽകുവാനും മന്ത്രി ഉന്നതതല സംഘത്തിന് നിർദ്ദേശം നൽകി.

ശബരിമല റോഡ് പ്രവൃത്തി വിലയിരുത്താൻ നവംബർ ഏഴിന് പത്തനംതിട്ടയിൽ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചു. യോഗത്തിൽ എം എൽ എ മാരും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലാ കലക്ടർമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. പൊതുമരാമത്ത് വകുപ്പിലെ ഉന്നതതല സംഘം നൽകുന്ന റിപ്പോർട്ട് കൂടി പരിഗണിച്ചാകും ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുക.

 

 

Leave A Reply

Your email address will not be published.