മേപ്പാടി : സി ഫോം രജിസ്ട്രേഷന്‍ യഥാസമയം നടത്താതെ ഇറ്റാലിയന്‍ പൗരന്മാരെ താമസിപ്പിച്ച മേപ്പാടിയിലെ റിസോര്‍ട്ട് ഉടമയ്ക്കും മാനേജര്‍ക്കുമെതിരെ കേസെടുത്തു. ഫോറിനേഴ്സ് ആക്ട് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
മേപ്പാടിയിലെ സ്ട്രീം ഗാര്‍ഡന്‍ മൗണ്ടന്‍ എന്ന റിസോര്‍ട്ടിലാണ് സംഭവം. ഇറ്റലിയില്‍ നിന്നുള്ള പൗരന്മാരെ താമസിപ്പിച്ച വിവരം യഥാസമയം ഓണ്‍ലൈന്‍ സി ഫോം വഴി പോലീസിനെ അറിയിക്കുന്നതില്‍ റിസോര്‍ട്ട് അധികൃതര്‍ വീഴ്ച വരുത്തി.
ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയുടെ നിര്‍ദ്ദേശപ്രകാരം മേപ്പാടി സബ് ഇന്‍സ്പെക്ടര്‍ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം റിസോര്‍ട്ടിലെത്തി രേഖകള്‍ പരിശോധിച്ചപ്പോഴാണ് നിയമലംഘനം കണ്ടെത്തിയത്. റിസോര്‍ട്ട് ഉടമയായ കോഴിക്കോട് സ്വദേശി വര്‍ക്കി ജോസഫ്, മാനേജര്‍ കോഴിക്കോട് സ്വദേശി ജംഷീദ് എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വിദേശികളെ താമസിപ്പിക്കുമ്പോള്‍ ഓണ്‍ലൈന്‍ സി ഫോം വഴി പോലീസിനെ അറിയിക്കണമെന്നാണ് നിയമം. ഈ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.