National

നേപ്പാൾ മുൻ പ്രധാനമന്ത്രിയുടെ ഭാര്യ വെന്തുമരിച്ചു; വീടാക്രമിച്ച് വിദേശകാര്യ മന്ത്രിയെ കയ്യേറ്റം ചെയ്തു

കഠ്മണ്ഡു∙ സമൂഹമാധ്യമങ്ങള്‍ നിരോധിച്ചതിനെതിരെ ആരംഭിച്ച പ്രക്ഷോഭത്തിനിടെ മുൻ പ്രധാനമന്ത്രി ജലനാഥ് ഖനലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രകാർ തീപിടിച്ച വീട്ടിൽ‌ കുടുങ്ങി വെന്തുമരിച്ചു. ധനകാര്യമന്ത്രി ബിഷ്ണു പൗഡേലിനെ ജനക്കൂട്ടം തെരുവിൽ ആക്രമിച്ചു. നേപ്പാളി കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ ഷെർ ബഹാദുർ ദുബെയുടെ വീടാക്രമിച്ച പ്രക്ഷോഭകാരികൾ അദ്ദേഹത്തിന്റെ ഭാര്യയും വിദേശകാര്യമന്ത്രിയുമായ അർസു റാണയെ കയ്യേറ്റം ചെയ്യുന്ന വിഡിയോ പുറത്തുവന്നു. രക്തം ഒലിക്കുന്ന മുഖവുമായി ദുബെ നിൽക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇവരുടെ ഉടമസ്ഥതയിലുള്ള സ്കൂളും തീയിട്ടു.

സമൂഹമാധ്യമ നിരോധനത്തിനെതിരെ ആരംഭിച്ച പ്രക്ഷോഭം രൂക്ഷമായതോടെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാണ് നേപ്പാൾ. പ്രധാനമന്ത്രി കെ.പി.ശർമ ഒലി ഇന്നലെ രാജിവച്ചു. പ്രക്ഷോഭകർ പാർലമെന്റിനും സുപ്രീംകോടതിക്കും പ്രസിഡന്റിന്റെ ഓഫിസിനും തീയിട്ടു.

പ്രധാനമന്ത്രി, മുൻ പ്രധാനമന്ത്രിമാർ, മന്ത്രിമാർ എന്നിവരുടേതടക്കം ഉന്നത രാഷ്ട്രീയ നേതാക്കളുടെ വസതികൾക്കും സ്ഥാപനങ്ങൾക്കും തീയിട്ടു. കഠ്മണ്ഡു വിമാനത്താവളം താൽക്കാലികമായി അടച്ചു. സുരക്ഷാ ചുമതല സൈന്യം ഏറ്റെടുത്തു. പ്രക്ഷോഭകരുമായി ചർച്ചയ്ക്ക് തയാറാകണമെന്ന് ൈസന്യം ആവശ്യപ്പെട്ടു. പൊലീസ് നടപടിയിൽ 19പേർ കൊല്ലപ്പെട്ടിരുന്നു. സമൂഹമാധ്യമ നിരോധനം സർക്കാർ പിൻവലിച്ചെങ്കിലും പ്രക്ഷോഭം അഴിമതിക്കെതിരായ പോരാട്ടമായി മാറുകയായിരുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.