ന്യൂഡൽഹി∙ സുരക്ഷാ വീഴ്ച ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി സിആർപിഎഫ്. രാഹുൽ ഗാന്ധി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചെന്ന ചൂണ്ടിക്കാട്ടിയാണ് സിആർപിഎഫ് ഡിജി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കു കത്തെഴുതിയത്. മുൻകൂട്ടി അറിയിക്കാതെ വിദേശ യാത്ര നടത്തുന്നുവെന്നും രാഹുൽ ഗാന്ധിക്കെതിരായ പരാതിയിൽ പറയുന്നു. അതേസമയം ബിജെപിക്കെതിരായ വോട്ടുകൊള്ള ആരോപണത്തിൽ പുതിയ വെളിപ്പെടുത്തൽ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരിക്കെ, സിആർപിഎഫിനെ കരുവാക്കി തടയിടാനുള്ള നീക്കമാണിതെന്നു കോൺഗ്രസ് പ്രതികരിച്ചു. രാഹുലിനെ ഭീഷണിപ്പെടുത്താനാണു സർക്കാർ ശ്രമിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.
മലേഷ്യൻ സന്ദർശനത്തിനിടെയുള്ള പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ ബിജെപി നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിൽ കോൺഗ്രസ് നേതൃത്വം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. സെഡ് പ്ലസ് സുരക്ഷയുള്ള രാഹുലിന്റെ ചിത്രങ്ങൾ എങ്ങനെ പിന്തുടർന്ന് എടുക്കുന്നു എന്നതായിരുന്നു ചോദ്യം. ഇതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെക്കും സിആർപിഎഫ് ഡിജി കത്തയച്ചത്. പത്തിലേറെ സായുധ കമാൻഡോകൾ രാഹുലിനൊപ്പം ഉണ്ട്. രാഹുൽ സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ മുൻകൂർ നിരീക്ഷണം അടക്കം സിആർപിഎഫിന്റെ ചുമതലയാണ്. വിദേശ സന്ദർശനങ്ങളെക്കുറിച്ചു മുൻകൂർ അറിയിപ്പു നൽകുന്നില്ല. സ്വദേശത്ത് അപ്രതീക്ഷിതമായി ചില സന്ദർശനങ്ങൾ നടത്തുന്നു. ബിഹാറിലെ വോട്ടവകാശ യാത്രയിലും മറ്റും രാഹുൽ അപ്രതീക്ഷിത സ്ഥലങ്ങളിൽ ഇറങ്ങിയതും ആൾക്കൂട്ടത്തിനിടയിലേക്ക് കടന്നതും കണക്കിലെടുത്താണ് മുന്നറിയിപ്പെന്നും സിആർപിഎഫ് പറയുന്നു.