Listen live radio

ശബരിമല തീർഥാടകർക്ക് രാത്രി തങ്ങാൻ കൂടുതൽ സൗകര്യം; വിരിവെക്കാൻ കൂടുതൽ സ്ഥലം

after post image
0

- Advertisement -

 

ശബരിമല: ശബരിമല സന്നിധാനത്ത് രാത്രി തങ്ങുന്ന തീർത്ഥാടകർക്ക് കൂടുതൽ സൗകര്യം ഒരുക്കാൻ തീരുമാനം. വിരിവക്കാൻ കൂടുതൽ സ്ഥലങ്ങൾ തയ്യാറാക്കും. ശബരിമല സന്നിധാനത്ത് പ്രസാദവിതരണത്തിനുള്ള സമയം കൂട്ടി.

വൈകുന്നേരം ശബരിമല സന്നിധാനത്ത് എത്തുന്ന തീർത്ഥാടകർക്ക് വിരിവക്കാൻ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ നടപടി തുടങ്ങി. സന്നിധാനത്തെ ദേവസ്വം അന്നദാന മണ്ഡപത്തിന് മുകളിലത്തെ നിലയിൽ അയ്യായിരം പേർക്ക് വിരിവക്കാനുള്ള സൗകര്യമാണ് തയ്യാറാക്കുന്നത്. കഴിഞ്ഞ ഒരുവർഷമായി അടഞ്ഞ് കിടന്ന ഹാളിലെ സൗകര്യങ്ങൾ റവന്യൂ പോലീസ് ഉദ്യോഗസ്ഥർ നേരിട്ട് കണ്ട് വിലയിരുത്തി.

സന്നിധാനത്ത് അപ്പം അരവണ പ്രസാദങ്ങൾ വിതരണം ചെയ്യുന്ന കൗണ്ടറുകളുടെ പ്രവർത്തന സമയം കൂട്ടി. രാവിലെ നാല് മണിമുതൽ രാത്രി പതിനൊന്നര മണിവരെ പ്രവർത്തിക്കും. പ്രസാദങ്ങളുടെ ഉത്പാദനവും കൂട്ടി. ദിനംപ്രതി ഒന്നരലക്ഷം ടിൻ അരവണയാണ് ഇപ്പോൾ തയ്യാറാക്കുന്നത്. വരും ദിവസങ്ങളിൽ ഇനിയും കൂട്ടാനാണ് ദേവസ്വംബോർഡിൻറെ തീരുമാനം. ശബരിമലയിലെ നടവരവ് 43 കോടി രൂപകഴിഞ്ഞു. അരവണയുടെ വിറ്റ് വരവ് 16കോടിയും കാണിക്ക ഇനത്തിൽ 17കോടിരൂപയുമാണ് ലഭിച്ചത്.

ശബരിമല നടപ്പന്തലിന് സമീപത്തുള്ള പൊതുമരാമത് വകുപ്പിന്റെ റസ്റ്റ് ഹൗസുകളിലെ രണ്ട് മുറികൾ ഓൺലൈനായി പൊതുജനങ്ങൾക്ക് ബുക്ക് ചെയ്യാം. പത്തനംതിട്ട റസ്റ്റ് ഹൗസിൽ പുതുതായി പണി തീർത്ത 8 മുറികളിലും ഓൺ ലൈൻ ബുക്കിംഗ് തുടങ്ങി.

 

Leave A Reply

Your email address will not be published.