ആറാംമൈല്‍:അഞ്ചുകുന്ന് വില്ലേജ് പരിധിയിലെ ആറാം മൈലില്‍ അനുമതിയില്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരുടെ ജെ സി ബി യും , ടിപ്പറും റവന്യു വകുപ്പ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് സംഭവം. മാനന്തവാടി താലൂക്ക് പരിധിയിലുള്ള വിവിധ പ്രദേശങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി ഇല്ലാതെ അനധികൃതമായി മണ്ണെടുക്കുന്നതും, മണല്‍ വാരുന്നതും, നെല്‍വയല്‍ തണ്ണീര്‍ത്തടം പരിവര്‍ത്തനം നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനും, നിയമാനുസൃതമല്ലാതെ പ്രവര്‍ത്തിയ്ക്കുന്ന കരിങ്കല്‍, ചെങ്കല്‍ ക്വാറി എന്നിവ കണ്ടെത്തുന്നതിനും, നിയമാനുസൃത പാസില്ലാതെ കരിങ്കല്‍, ചെങ്കല്‍, മണ്ണ്, മണല്‍ എന്നിവ കടത്തിക്കൊണ്ടുപോകുന്ന വാഹനം, ആയതിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുക്കുന്നതിനും കണ്ടുകെട്ടുന്നതിനും കുറ്റക്കാര്‍ക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കുന്നതിനുമായി ഡെപ്യൂട്ടി തഹസീല്‍ദാര്‍, ജൂനിയര്‍ സുപ്രണ്ട് എന്നിവരുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചിരുന്നു. ഈ സ്‌ക്വാഡാണ് വാഹനങ്ങള്‍ പിടിച്ചത്. ഡപ്യൂട്ടി തഹസില്‍ദാര്‍മാരായ ചന്ദ്രലേഖ, ഷീല, ക്ലര്‍ക്ക് അരുണ്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.














