പൊതുജനങ്ങള്‍ക്ക് വേഗത്തിലും കാര്യക്ഷമമായും നീതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സംഘടിപ്പിച്ച ദേശീയ ലോക് അദാലത്തില്‍ 849 കേസുകള്‍ തീര്‍പ്പാക്കി. വിവിധ കേസുകളിലായി ആകെ 1,97,08,775 രൂപ ഒത്തുതീര്‍പ്പാക്കി വിധി പുറപ്പെടുവിക്കുകയും ചെയ്തു. ക്രിമിനല്‍ കോമ്പൗണ്ടബിള്‍ കേസുകളില്‍ 50,000 രൂപയും ബാങ്ക് റിക്കവറി കേസുകള്‍ക്ക് 32,44,000 രൂപയും മാക്ട് കേസുകളില്‍ 62,63,500 രൂപയും സിവില്‍ കേസുകളില്‍ 7,24,375 രൂപയും സെറ്റില്‍മെന്റായി നല്‍കി. തൊഴില്‍ തര്‍ക്ക കേസുകള്‍, വൈദ്യുതി ബില്ലുകള്‍, വാട്ടര്‍ ബില്ലുകള്‍, വൈവാഹിക തര്‍ക്കങ്ങള്‍, ഭൂമി ഏറ്റെടുക്കല്‍ കേസുകള്‍, ശമ്പളം, അലവന്‍സുകള്‍, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സേവന കാര്യങ്ങള്‍, വിവിധ പെറ്റികേസുകള്‍ തുടങ്ങിയവയാണ് അദാലത്തില്‍ പരിഗണിച്ചത്.
കല്‍പ്പറ്റ ജില്ലാ കോടതി കോംപ്ലക്‌സില്‍ നടന്ന അദാലത്തില്‍ കല്‍പ്പറ്റ കുടുംബ കോടതി ജഡ്ജി കെ.ആര്‍ സുനില്‍ കുമാര്‍, കല്‍പ്പറ്റ സിവില്‍ ജഡ്ജി കെ.അനീഷ് ചാക്കോ എന്നിവരാണ് കേസുകള്‍ പരിഗണിച്ചത്. അംഗങ്ങളായ അഡ്വ. വിനിത വി.വി, അഡ്വ. പ്രഭ മത്തായി, കോടതി ജീവനക്കാരായ സ്മിത മനോഹരന്‍, അനൂപ് എന്‍.പി, നൗഫല്‍ കെ.കെ, രവി എം.പി, സ്റ്റെഫിത ചാലില്‍, പ്രീത പി.ആര്‍, മനീഷ് കെ.എം, മഷ്‌റുഹ് അലി, പാരാലീഗല്‍ വളണ്ടിയര്‍മാരായ കെ. നന്ദകുമാര്‍, കെ.ജെ പ്രജീഷ്, അബ്ദുല്‍ നസീര്‍ വി എന്നിവര്‍ നേതൃത്വം നല്‍കി.