National

മണ്ണിനടിയിൽ നിന്ന് കരച്ചിൽ; ഉറുമ്പുകൾ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ പെൺകുഞ്ഞിന് അദ്ഭുത രക്ഷ

ബറേലി∙ യുപിയിൽ പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ബറേലിയിലെ ഷാജഹാൻപുരിലെ ബഹ്ഗുൽ നദീതീരത്താണു നവജാത ശിശുവിനെ കുഴിച്ചിട്ടിരുന്നത്. പാലത്തിനടിയിലെ മണ്ണിനടിയിൽനിന്നും കരച്ചിൽ കേട്ട ആട്ടിടയനാണ് കുഞ്ഞിനെ രക്ഷിച്ചത്. കന്നുകാലികളെ മേയ്ക്കാൻ എത്തിയ ഇയാൾ കുഞ്ഞിന്റെ കരച്ചിൽ കേട്ട് തിരച്ചിൽ നടത്തുകയായിരുന്നു. മൺകൂനയ്ക്കുള്ളിൽനിന്നും പുറത്തേക്ക് നീണ്ട കുഞ്ഞിന്റെ കൈയാണ് ആദ്യം കണ്ടത്. ബാക്കി ശരീരഭാഗങ്ങളെല്ലാം കുഴിച്ചിട്ട നിലയിലായിരുന്നു. മണ്ണിൽനിന്നും പുറത്തെടുക്കുമ്പോൾ ഉറുമ്പുകൾ പൊതിഞ്ഞ അവസ്ഥയിലായിരുന്നു കുഞ്ഞ്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കുഞ്ഞിനെ ആദ്യം തൊട്ടടുത്തുള്ള ഹെൽത്ത് സെന്ററിലേക്കും തുടർന്ന് മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയി. കുഞ്ഞിന് 10–15 ദിവസം പ്രായമുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കുഞ്ഞ് ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. കുഞ്ഞിനെ ഒരു അടി താഴ്ചയിൽ കുഴിച്ചിട്ടവർ ശ്വാസം എടുക്കുന്നതിനുള്ള വിടവ് ഇട്ടിരുന്നതായി പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ജയ്തിപുർ പൊലീസ് പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.