Listen live radio

വീണ്ടും തെരഞ്ഞെടുപ്പ് നേരിടാൻ രാജ്യം, അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്

after post image
0

- Advertisement -

ദില്ലി: ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനായി ഇന്ന് വൈകിട്ട് 3.30-ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മാധ്യമങ്ങളെ കാണും. ഇതു സംബന്ധിച്ച് അറിയിപ്പ് പുറത്തു വന്നു. ഉത്തർപ്രദേശിലെ 403 സീറ്റുകളിലേക്കും പഞ്ചാബിലെ 117 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തർപ്രദേശിൽ ഇതിനോടകം തന്നെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദിയാണ് യുപിയിൽ ഭരണകക്ഷിയായ ബിജെപിയുടെ പ്രചാരണം നയിക്കുന്നത്. ബിജെപിക്കൊപ്പം തന്നെ അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ എസ്.പിയും പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസും രംഗത്തുണ്ട്.

ഒമിക്രോൺ വ്യാപനം ശക്തമാവുകയും കൊവിഡ് മൂന്നാം തരംഗത്തിൽ രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ ഒരു ലക്ഷം പിന്നിടുകയും ചെയ്ത സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നത്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് നീട്ടിവച്ചേക്കുമെന്ന് അഭ്യൂഹം ഉണ്ടായെങ്കിലും സമയബന്ധിതമായി തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് പോവുകയാണ്. കർശനമായ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടാവും ഇക്കുറി തെരഞ്ഞെടുപ്പ് പ്രചാരണം. ഇക്കാര്യത്തിൽ വ്യക്തമായ മാർഗനിർദേശം കമ്മീഷൻ നൽകും എന്നാണ് പ്രതീക്ഷിക്കുന്നത്.

കോൺഗ്രസ്, ആം ആദ്മി പാർട്ടി, ശിരോമണി അകാലിദൾ, ബിജെപി എന്നീ പാർട്ടികളാണ് പഞ്ചാബിലെ പോരാട്ടത്തിൽ മുഖാമുഖം വരുന്നത്. ഇതോടൊപ്പം ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ പുതിയ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസിന്റെ പ്രകടനവും നിർണായകമാവും. കർഷകസമരം വലിയ തരംഗം സൃഷ്ടിച്ച പഞ്ചാബിൽ അവരുടെ വോട്ടുകൾ ആർക്കൊപ്പം പോകും എന്നതും കണ്ടറിയണം. ഗോവയിൽ ഭരണകക്ഷിയായ ബിജെപി അധികാരതുടർച്ചയ്ക്കായി കളത്തിലിറങ്ങുമ്പോൾ മറുവശത്ത് പ്രധാന എതിരാളി കോൺഗ്രസോ അതോ തൃണമൂലോ എന്നതിലാണ് ചർച്ച. ഉത്തരാഖണ്ഡിലും ബിജെപിയാണ് നിലവിൽ അധികാരത്തിൽ. മണിപ്പൂരിൽ ബിജെപി അടങ്ങിയ മുന്നണിയാണ് ഭരിക്കുന്നത്.

 

Leave A Reply

Your email address will not be published.