Listen live radio

വെല്ലുവിളിയായി കൊവിഡ് വ്യാപനം; സംസ്ഥാനത്ത് ഇന്ന് അവലോകന യോഗം

after post image
0

- Advertisement -

തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കൊവിഡ് (Covid 19) കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികള്‍ വിലയിരുത്താന്‍  ഇന്ന് അവലോകന യോഗം (Covid review meeting) ചേരും. 11 മണിക്കാണ് യോഗം ചേരുക. ജില്ലകളിലെ കൊവിഡ് സാഹചര്യം യോഗം വിലയിരുത്തും. രോഗവ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. കൊവിഡിനൊപ്പം ഒമിക്രോൺ വ്യാപനവും യോഗം വിലയിരുത്തും. നിയന്ത്രണങ്ങളിലും, പ്രതിരോധ മാർഗങ്ങളിലും വിദഗ്ദസമിതിയുടേതടക്കം പുതിയ നിർദേശങ്ങൾ തേടും. കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനങ്ങളുമായി നടത്തുന്ന യോഗവും ഇന്ന് നടക്കും.

കേരളത്തില്‍ കഴിഞ്ഞ ദിവസം 6238 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുൻ ആഴ്ച്ചത്തെ അപേക്ഷിച്ച് 82 ശതമാനമാണ് പ്രതിദിന കേസുകളിലെ വർധന.  ടിപിആറും ഉയർന്നു. ഇന്നലെ 11.52 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5776 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 341 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

അതേ സമയം, സംസ്ഥാനത്തെ കരുതല്‍ ഡോസ് (Precaution Dose) കൊവിഡ് വാക്‌സിനേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്. 5.55 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍, 5.71 ലക്ഷം കൊവിഡ് മുന്നണി പോരാളികള്‍ എന്നിവരാണുള്ളത്. 18 വയസിന് മുകളില്‍ പ്രായമായവരുടെ വാക്‌സിനേഷന്‍ കേന്ദ്രത്തിലാണ് കരുതല്‍ ഡോസ് വാക്‌സിനെടുക്കുന്നത്. രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തുകഴിഞ്ഞ് 9 മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുക. 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ ഡോക്ടറുടെ അഭിപ്രായം ആരാഞ്ഞതിന് ശേഷം കരുതല്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

മുതിര്‍ന്നവര്‍ക്കുള്ള വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നീല നിറത്തിലുള്ള ബോര്‍ഡാണ് ഉണ്ടാകുക. ഈ ബോര്‍ഡുകള്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്‌ട്രേഷന്‍ സ്ഥലം, വാക്‌സിനേഷന്‍ സ്ഥലം എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കും. നേരത്തെ രണ്ട് ഡോസ് എടുത്ത അതേ വാക്‌സിന്‍ തന്നെ സ്വീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. നേരിട്ടും ഓണ്‍ ലൈന്‍ ബുക്കിംഗ് വഴിയും കരുതല്‍ ഡോസ് വാക്‌സിനേടുക്കാം. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് വരുന്നതായിരിക്കും നല്ലത്.

Leave A Reply

Your email address will not be published.