Listen live radio

കുറവില്ലാതെ കൊവിഡ്; സംസ്ഥാനത്തെ കരുതൽ ഡോസ് കൊവിഡ് വാക്സിനേഷൻ ഇന്ന് മുതൽ

after post image
0

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്തെ കരുതൽ ഡോസ് കൊവിഡ് വാക്സിനേഷൻ ഇന്ന് മുതൽ ആരംഭിക്കും. ആരോഗ്യ പ്രവർത്തകർ, കൊവിഡ് മുന്നണി പോരാളികൾ, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകുന്നത്. 5.55 ലക്ഷം ആരോഗ്യ പ്രവർത്തകർ, 5.71 ലക്ഷം കൊവിഡ് മുന്നണി പോരാളികൾ എന്നിവരാണുള്ളത്. 18 വയസിന് മുകളിൽ പ്രായമായവരുടെ വാക്സിനേഷൻ കേന്ദ്രത്തിലാണ് കരുതൽ ഡോസ് വാക്സിനെടുക്കുന്നത്. രണ്ടാം ഡോസ് വാക്സിൻ എടുത്തുകഴിഞ്ഞ് 9 മാസം കഴിഞ്ഞവർക്കാണ് കരുതൽ ഡോസ് എടുക്കാൻ സാധിക്കുക. 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ ഡോക്ടറുടെ അഭിപ്രായം ആരാഞ്ഞതിന് ശേഷം കരുതൽ ഡോസ് വാക്സിൻ സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

മുതിർന്നവർക്കുള്ള വാക്സിനേഷൻ കേന്ദ്രത്തിൽ നീല നിറത്തിലുള്ള ബോർഡാണ് ഉണ്ടാകുക. ഈ ബോർഡുകൾ വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്ട്രേഷൻ സ്ഥലം, വാക്സിനേഷൻ സ്ഥലം എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കും. നേരത്തെ രണ്ട് ഡോസ് എടുത്ത അതേ വാക്സിൻ തന്നെ സ്വീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നേരിട്ടും ഓൺ ലൈൻ ബുക്കിംഗ് വഴിയും കരുതൽ ഡോസ് വാക്സിനേടുക്കാം. ഓൺലൈൻ വഴി ബുക്ക് ചെയ്ത് വരുന്നതായിരിക്കും നല്ലത്.

ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് അവലോകന യോഗം ചേരും. 11 മണിക്കാണ് യോഗം ചേരുക. ജില്ലകളിലെ കൊവിഡ് സാഹചര്യം യോഗം വിലയിരുത്തും. രോഗവ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. കൊവിഡിനൊപ്പം ഒമിക്രോൺ വ്യാപനവും യോഗം വിലയിരുത്തും. നിയന്ത്രണങ്ങളിലും, പ്രതിരോധ മാർഗങ്ങളിലും വിദഗ്ദസമിതിയുടേതടക്കം പുതിയ നിർദേശങ്ങൾ തേടും. കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനങ്ങളുമായി നടത്തുന്ന യോഗവും ഇന്ന് നടക്കും.

Leave A Reply

Your email address will not be published.