Listen live radio
- Advertisement -
വാസ്‌കോ: ഐഎസ്എല്ലില്‍ ഒഡീഷ എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് വീണ്ടും ഒന്നാമതെത്തി. ഇതോടെ 11 കളികളില്‍ നിന്നായി ബ്ലാസ്‌റ്റേഴ്‌സിന് 20 പോയിന്റായി
ബ്ലാസ്‌റ്റേഴ്‌സിനായി പ്രതിരോധതാരങ്ങളായ നിഷുകുമാറും ഹര്‍മന്‍ജോത് ഖാബ്രയുമാണ് ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി വലകുലുക്കിയത്. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും. ഖാബ്രയാണ് കളിയിലെ താരം.
11 മത്സരങ്ങളില്‍ നിന്ന് അഞ്ച് വീതം വിജയവും സമനിലയും ഒരു തോല്‍വിയുമടക്കം 20 പോയന്റ് നേടിയാണ് മഞ്ഞപ്പട പട്ടികയില്‍ ഒന്നാമതെത്തിയത്. സീസണില്‍ ആദ്യമായി 20 പോയന്റ് നേടുന്ന ടീം എന്ന ഖ്യാതിയും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. തോല്‍വിയറിയാതെ ബ്ലാസ്‌റ്റേഴ്‌സ് പൂര്‍ത്തിയാക്കിയ 10ാം മത്സരം കൂടിയാണിത്.
നിരന്തരമായ ആക്രമണങ്ങള്‍ക്കൊടുവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് 28ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. സീസണില്‍ ആദ്യമായി ആദ്യ ഇലവനില്‍ സ്ഥാനം നേടിയ പ്രതിരോധതാരം നിഷു കുമാറാണ് ബ്ലാസ്‌റ്റേഴ്‌സിനായി ഗോളടിച്ചത്. അഡ്രിയാന്‍ ലൂണയുടെ പാസ് സ്വീകരിച്ച നിഷു ബോക്‌സിനകത്തുവെച്ച് ഒഡിഷ പ്രതിരോധതാരങ്ങളെ കബിളിപ്പിച്ച് മഴവില്ലഴകില്‍ പന്ത് പോസ്റ്റിലേക്കടിച്ചു. ബ്ലാസ്‌റ്റേഴ്‌സ് ഈ സീസണില്‍ നേടിയ ഏറ്റവും മികച്ച ഗോളുകളിലൊന്നാണിത്.
ഗോളടിച്ചിട്ടും ആക്രമിച്ച് തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സ് കളിച്ചത്. ഒഡിഷ പ്രതിരോധനിരയെ വെള്ളം കുടിപ്പിക്കാന്‍ മഞ്ഞപ്പടയ്ക്ക് കഴിഞ്ഞു. വൈകാതെ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം ഗോളും നേടി. ഇത്തവണ പ്രതിരോധതാരം ഹര്‍മന്‍ജോത് ഖാബ്രയാണ് മഞ്ഞപ്പടയ്ക്ക് വേണ്ടി വലകുലുക്കിയത്.
എന്നാല്‍ രണ്ടാം പകുതിയിലും ബ്ലാസ്‌റ്റേഴ്‌സിന്റെ മികവില്‍ കുറവുണ്ടായില്ലെങ്കിലും ആക്രമണങ്ങള്‍ക്ക് ശക്തി കുറവായിരുന്നു. 86ാം മിനിറ്റില്‍ വാസ്‌ക്വസ് മികച്ച ഫ്രീകിക്ക് തൊടുത്തെങ്കിലും പന്ത് ഒഡിഷ ബോക്‌സിനെ തൊട്ടുരുമ്മി കടന്നുപോയി. മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രംബാക്കിനില്‍ക്കേ വാസ്‌ക്വസിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും അത് ഗോളാക്കാന്‍ താരത്തിന് സാധിച്ചില്ല. അനായാസം സ്‌കോര്‍ ചെയ്യാവുന്ന അവസരമാണ് താരം പാഴാക്കിയത്.