കേസുകൾ കുതിച്ചുയരുന്നു; രാജ്യത്ത് രണ്ടാം ദിവസവും പ്രതിദിന കൊവിഡ് രോഗികൾ രണ്ടര ലക്ഷം കടന്നു

after post image
0

- Advertisement -

ദില്ലി: രാജ്യത്ത് തുടർച്ചയായി രണ്ടാം ദിവസവും കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിൽ ഇന്നലെ രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായി. 24 മണിക്കൂറിനിടെ 43,211 പേരാണ് രോഗബാധിതരായത് കർണാടകത്തിൽ 28, 723 പേർക്കും, പശ്ചിമ ബംഗാളിൽ 22,645 പേർക്കും രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിലും കൊവിഡ് കേസുകൾ കുതിക്കുകയാണ്. ഇന്നലെ 23459 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

ചെന്നൈയിലെ പ്രതിദിന കേസുകളുടെ എണ്ണം പതിനായിരത്തിലേക്ക് അടുക്കുകയാണ്. ഇന്നലെ 8963 പേർക്കാണ് ചെന്നൈയിൽ മാത്രം രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലിരുന്ന 26 പേർ മരിച്ചു. ഒന്നര ലക്ഷത്തിലേറെ പരിശോധനകളാണ് ഇന്നലെ നടത്തിയത്. രോഗമുക്തരായ 9026 പേർ ആശുപത്രി വിട്ടു. ഇന്ന് ചെറുതും വലുതുമായ നിരവധി ജല്ലിക്കട്ടുകൾ നടക്കുന്ന മാട്ടുപ്പൊങ്കൽ ദിവസമാണ്. ജല്ലിക്കട്ട് വേദികളിൽആൾക്കൂട്ടം പരമാവധി കുറയ്ക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടങ്ങളും പൊലീസും. നാളെ (ഞായറാഴ്ച) തമിഴ്‌നാട്ടിൽ സമ്പൂർണ ലോക്ഡൗണാണ്.

ദില്ലിയിൽ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും പോസറ്റീവിറ്റി നിരക്ക് 30 ശതമാനം ആയി ഉയർന്നു. ദില്ലിയിൽ ഇന്നും നാളെയും വാരാന്ത്യ കർഫ്യൂ നിയന്ത്രണങ്ങൾ നടപ്പിലാക്കും. ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം എന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇതിനിടെ രണ്ട് കോവിഡ് തരംഗങ്ങളിലും മരണങ്ങൾ കുറച്ചു കാണിച്ചെന്ന ആരോപണങ്ങൾ കേന്ദ്ര സർക്കാർ തള്ളി. സംസ്ഥാനങ്ങൾ നൽകിയ വിവരങ്ങൾ കേന്ദ്ര സർക്കാർ സമാഹരിക്കുകയായിരുന്നു എന്നും കേന്ദ്രം വ്യക്തമാക്കി.

 

Leave A Reply

Your email address will not be published.