വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ആഭരണങ്ങളുമായി രക്ഷപ്പെട്ട അമ്മയും മകനും സുഹൃത്തും പിടിയില്‍

after post image
0

- Advertisement -

വിഴിഞ്ഞം: സമീപവാസിയായ വയോധികയെ വീട്ടില്‍ വിളിച്ചുവരുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തി. മൃതദേഹം വീടിന്റെ തട്ടില്‍ ഒളിപ്പിച്ചശേഷം കടന്നുകളഞ്ഞ പ്രതികളെ ഒരു മണിക്കൂറിനുള്ളില്‍ കഴക്കൂട്ടത്തുനിന്നു അറസ്റ്റുചെയ്തു.

മുല്ലൂര്‍ പനവിള ആലുംമൂട് വീട്ടില്‍ ശാന്തകുമാരിയെ(75) ആണ് അമ്മയും മകനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ശാന്തകുമാരിയുടെ അയല്‍പക്കത്ത് മുല്ലൂര്‍ സ്വദേശി ശ്രീകുമാറിന്റെ വീട്ടില്‍ വാടകയ്ക് താമസിച്ചിരുന്ന വിഴിഞ്ഞം ടൗണ്‍ഷിപ്പ് സ്വദേശി റഫീക്കാ ബീവി(50), ഇവരുടെ സുഹൃത്ത് അല്‍ അമീന്‍(26), റഫീക്കയുടെ മകന്‍ ഷഫീക്ക്(23) എന്നിവരെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ താമസിച്ചിരുന്ന വീടിനടുത്തായി വീട്ടുടമയുടെ മകനും സുഹൃത്തുക്കളും താമസിക്കുന്നുണ്ട്. വെള്ളിയാഴ്ച വീട് മാറിപ്പോകുമെന്ന് ഉടമയെ പ്രതികള്‍ അറിയിച്ചിരുന്നു. വൈകീട്ട് വീട്ടിലെത്തിയ ഉടമയുടെ മകന്‍, വാടകയ്ക്ക് നല്‍കിയ വീടിന്റെ കതകില്‍ താക്കോല്‍ ഉള്ളതായി കണ്ടു. ഇതേ തുടര്‍ന്ന് വീട്ടുകാരെ വിളിച്ചുവെങ്കിലും അനക്കമില്ലായിരുന്നു.

വീട് തുറന്ന് നോക്കിയപ്പോഴാണ് വരാന്തയിലെ തട്ടിനുമുകളില്‍ നിന്ന് രക്തം വീഴുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സമീപവാസികളെ വിളിച്ചുവരുത്തി നോക്കിയപ്പോഴാണ് തട്ടിനുമുകളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടത്.

ഉടന്‍ തന്നെ വിഴിഞ്ഞം പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം വയോധികയുടേതാണെന്ന് തിരിച്ചറിഞ്ഞത്. വീട്ടില്‍ താമസിച്ചിരുന്ന റഫീക്ക, മകന്‍, റഫീഖയുടെ സുഹൃത്ത് അല്‍അമീന്‍ എന്നിവരെ കാണാതായതോടെ പോലീസ് തിരച്ചിലാരംഭിച്ചു. ഇതിനിടയില്‍ മരിച്ചത് റഫീക്കയാണെന്നു കരുതി അവരുടെ ബന്ധുക്കളും എത്തി.

തുടര്‍ന്ന് പോലീസ് പ്രതികളുടെ ഫോണ്‍ നമ്പറുകളുടെ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ തൈക്കാട് സംഗീത കോളേജിനടുത്തുള്ളതായി കണ്ടെത്തി. പോലീസ് സംഘമെത്തി നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ കോഴിക്കോട്ടേക്ക് പോകുന്ന സ്വകാര്യ ബസില്‍ കയറിയതായി കണ്ടെത്തി. തുടര്‍ന്ന് ബസിന്റെയും ഡ്രൈവറുടെയും കണ്ടക്ടറുടെയും മൊബൈല്‍ നമ്പറുകളില്‍ വിളിച്ച് കഴക്കൂട്ടം പോലീസ് സ്റ്റേഷന് സമീപം ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. വിഴിഞ്ഞം എസ്.ഐ. കെ.എല്‍.സമ്പത്തുള്‍പ്പെട്ട പോലീസ് സംഘം കഴക്കൂട്ടത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു.

ഇവരെ രാത്രി പന്ത്രണ്ടരയോടെ വിഴിഞ്ഞം സ്റ്റേഷനിലെത്തിച്ചു. സിറ്റി പോലീസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍, ഫോര്‍ട്ട് എ.സി. എസ്.ഷാജി, വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി എന്നിവരും സ്ഥലത്തെത്തി.

വയോധികയെ ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയശേഷം ചുറ്റികയ്ക്ക് സമാനമായ വസ്തു ഉപയോഗിച്ച് തലയ്ക്കടിച്ചുവെന്നാണ് പോലീസിന്റെ നിഗമനം. തുടര്‍ന്ന് ഇവരുടെ മൃതശരീരം വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ തട്ടിലേയ്ക്ക് എടുത്തുകയറ്റി വച്ചശേഷം പ്രതികള്‍ കോഴിക്കോട്ടേക്ക് പോകുകയായിരുന്നു.

Leave A Reply

Your email address will not be published.