Listen live radio

വിവിധ ആരോഗ്യ സ്ഥാപനങ്ങൾക്ക് 505 കോടി രൂപയുടെ കിഫ്ബി അനുമതി

after post image
0

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ആരോഗ്യ സ്ഥാപനങ്ങൾക്കായി 505.55 കോടി രൂപയുടെ കിഫ്ബി അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോട്ടയം മെഡിക്കൽ കോളേജ് 268 കോടി, താലൂക്ക് ആശുപത്രി അടിമാലി 12.54 കോടി, കാസർഗോഡ് മെഡിക്കൽ കോളേജ് 31.7 കോടി, കോഴഞ്ചേരി ജില്ലാ ആശുപത്രി 30.35, കോന്നി മെഡിക്കൽ കോളേജ് 18.72 കോടി, റാന്നി താലൂക്ക് ആശുപത്രി 15.60 കോടി, അടൂർ ജനറൽ ആശുപത്രി 14.64 കോടി എന്നീ ആശുപത്രികളുടെ വികസന പ്രവർത്തനങ്ങൾക്കാണ് തുകയനുവദിച്ചത്. ഇതുകൂടാതെ കണ്ണൂർ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന് 114 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കോട്ടയം മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായാണ് തുകയനുവദിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിവിധ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾക്കായാണ് ഈ ബ്ലോക്ക് സജ്ജമാക്കുന്നത്. 8 നിലകളിലായി 27,374 സ്‌ക്വയർ മീറ്റർ വിസ്തൃതിയിലുള്ളതാണ് കെട്ടിടം. 362 കിടക്കകൾ, 11 ഓപ്പറേഷൻ തീയറ്ററുകൾ, 60 ഐസിയു കിടക്കകൾ എന്നിവയും ഈ കെട്ടിടത്തിലുണ്ടാകും. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും നടക്കുന്ന കോട്ടയം മെഡിക്കൽ കോളേജിൽ ഈ ബ്ലോക്ക് വരുന്നതോടെ വലിയ സൗകര്യങ്ങൾ ലഭ്യമാകുന്നതാണ്.

കാസർഗോഡ് മെഡിക്കൽ കോളേജ് ആശുപത്രി പൂർത്തിയാക്കുന്നതിനാണ് 31.7 കോടി രൂപ അനുവദിച്ചത്. ആശുപത്രി പൂർത്തിയാക്കുന്നതിന് ഈ തുക ആവശ്യമായതിനാൽ മന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നാണ് നടപടികൾ സ്വീകരിച്ചത്. തുക ലഭ്യമായാൽ നടപടിക്രമങ്ങൾ പാലിച്ച് എത്രയും വേഗം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

Leave A Reply

Your email address will not be published.