Listen live radio

ബിജെപിയുടെ വിജയം ജനങ്ങളുടേത്: സുരേഷ് ഗോപി എംപി

after post image
0

- Advertisement -

ബത്തേരി: ബിജെപിയുടെ വിജയം ജനങ്ങളുടേത് എന്ന് സുരേഷ് ഗോപി എംപി പറഞ്ഞു. നരേന്ദ്ര മോദിയുടെ ഭരണ നിർവ്വഹണം സാധാരണക്കാരുടെ അരികിലേക്ക് എത്തിയതാണ്   ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞടുപ്പുകളിൽ ബിജെപിക്ക് മിന്നും വിജയം സമ്മാനിച്ചത്. സ്ഥിരം കർമ്മയോഗിയായ മോദി എന്നും സാധാരണ ജനവിഭാഗങ്ങൾക്ക് ഗുണകരമായ പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. യുപിയിൽ നിന്ന് ഭയന്നോടി വയനാട്ടിൽ അഭയം തേടിയ രാഹുൽ ഗാന്ധി എന്ത് പ്രവർത്തനമാണ് വയനാട്ടിൽ നടത്തുന്നത് എന്ന് ജനങ്ങൾ തിരിച്ചറിയണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയുടെ വിജയം അദ്ദേഹം ജില്ലയിലെ ബിജെപി പ്രവർത്തകർക്കൊപ്പം മധുരം പങ്ക് വെച്ചാണ് ആഘോഷിച്ചത്. ബത്തേരിയിൽ നടന്ന ആഹഌദ പ്രകടനത്തിനും എംപി നേതൃത്വം നൽകി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ, ബിജെപി ജില്ലാ പ്രസിഡന്റ് കെ.പി. മധു തുടങ്ങി സംസ്ഥാന ജില്ലാ നേതാക്കൾ പ്രകടനത്തിന് നേതൃത്വം നൽകി. ആയിരക്കണക്കിന് ബിജെപി പ്രവർത്തകരാണ് പ്രകടനത്തിൽ പങ്കെടുത്തത്. മൂന്ന് ദിവസത്തെ വയനാട് സന്ദശനത്തിന് എത്തിയ സുരേഷ് ഗോപി ഇന്നലെ പുൽപ്പള്ളി  കുളത്തൂർ കോളനി സന്ദർശിച്ചു. അടിസ്ഥാന വർഗ്ഗത്തിന്റെ ഉന്നമനമാണ് ബിജെപി ലക്ഷ്യമാക്കുന്നതെന്നും ഗോത്രസമൂഹങ്ങൾക്ക് ആശാവഹമായ പുരോഗതിയുണ്ടാക്കാൻ തങ്ങൾ മുൻപന്തിയിലുണ്ടാകുമെന്നും, രാഷ്ട്രീയ ലക്ഷ്യത്തിലൂടെ സേവന നിർവ്വഹണമാണ് ലക്ഷ്യമിടുന്നതെന്നും അതിനായി രാഷ്ട്രീയമായി എല്ലാവരും പിന്തുണയ്ക്കണമെന്നും കോളനി വാസികളുടെ സ്വീകരണം ഏറ്റുവാങ്ങികൊണ്ട് സുരേഷ് ഗോപി എംപി പറഞ്ഞു.

അവിടത്തെ കുടിവെള്ള പ്രശ്‌നപരിഹാരത്തിനായി ഉടൻ തന്നെ തന്റെ കൈയ്യിൽ നിന്നും 66,500 രുപ നൽകി 2 എച്ച്പിയുടെ 2 മോട്ടോറും അനുബന്ധ സാമഗ്രികളും വാങ്ങി വൈകുന്നേരത്തോടെ 2 കോളനികളിലേയും കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുകയും ചെയ്തു. ചടങ്ങിൽ സിനേഷ് വാകേരി അധ്യക്ഷത വഹിച്ചു. സന്ദീപ് വാര്യർ, കെ.പി മധു, മോഹൻദാസ്, കെ.ഡി. ഷാജി ദാസ്, സനൽകുമാർ. ബിജേഷ്, വാർഡ് മെമ്പർമാരായ അനുമോൾ ബിബിഷ്, സിന്ധു സാബു എന്നിവർ സംസാരിച്ചു. തുടർന്ന് അദ്ദേഹം പൂതാടി പഞ്ചായത്തിലെ അതിരാറ്റ്കുന്ന് കോളനി സന്ദർശിച്ചു. ഗോത്രവർഗ വർഗ്ഗത്തിന് വേണ്ടി താൻ എന്നും നിലകൊള്ളുമെന്നും രാജ്യസഭയിലെ തന്റെ ആദ്യത്തെ പ്രസംഗം ഗോത്രവിഭാഗത്തിനും പ്രകൃതിക്കും വേണ്ടിയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കോളനിവാസികളുടെ പ്രശ്‌നങ്ങൾ കേട്ട ശേഷം അതിരാറ്റ്കുന്ന് കോളനിയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി എംപി ഫണ്ടിൽ നിന്ന് 22.5 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.

മണ്ഡലം പ്രസിഡന്റ് സിനീഷ് വാകേരി അധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണൻ മാവറ, വാർഡ് മെംബർ സ്മിത സജി എന്നിവർ സംസാരിച്ചു. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ, ജില്ലാ പ്രസിഡന്റ് കെ.പി.മധു, പ്രശാന്ത് മലവയൽ, കെ.മോഹൻദാസ്, പി.സി.ഗോപിനാഥ്, ലളിത വത്സൻ തുടങ്ങിയവർ അദ്ദേഹത്തെ അനുഗമിച്ചു. തുടർന്ന് അതിരാറ്റ്കുന്ന് കാരക്കുന്നേൽ റെജിയുടെ വീട്ടിൽ നിന്നും ഉച്ച ഭക്ഷണത്തിന് ശേഷം അന്വലവയൽ നെല്ലാറച്ചാൽ കോളനിയും അദ്ദേഹം സന്ദർശിച്ചു. വൈകുന്നേരത്തോടെ ബത്തേരി കൈപ്പഞ്ചേരി പൂജക്കൂട്ടം അമ്പലം സന്ദർശിച്ച സുരേഷ് ഗോപി എന്റെ സ്‌നേഹം ഗോത്ര വിഭാഗങ്ങൾക്കൊപ്പം എന്ന് പ്രഖ്യാപിച്ചു. നിറഞ്ഞ കൈയ്യടിയോടെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ അവിടെ കൂടിയിരുന്നവർ സ്വീകരിച്ചത്.

കുറുമ വിഭാഗത്തിന്റെ ജില്ലയിലെ പ്രധാന ആരാധനാ കേന്ദ്രങ്ങളിൽ ഒന്നാണ് പൂജക്കൂട്ടം അമ്പലം. ഗോത്രവിഭാഗത്തിലെ കാരണവൻമാരും ക്ഷേത്രഭാരവാഹിളും നാട്ടുകാരും ചേർന്ന് പി.സി മോഹനന്റെ നേതൃത്വത്തിൽ തങ്ങളുടെ എംപിക്ക് ഉജ്വല വരവേൽപ്പാണ് നൽകിയത്. കാണാൻ കാത്തു നിന്ന നൂറുകണക്കിന് ആൾക്കാരുടെ സ്‌നേഹാദരങ്ങൾ ഏറ്റ് വാങ്ങി കുശലാന്വേഷണങ്ങൾക്കും ശേഷമാണ് എംപി മടങ്ങിയത്. പിന്നീട് ബത്തേരി നഗരത്തിൽ നടന്ന ആഹ്ലാദ പരിപാടിയിൽ പങ്കെടുത്തതിന് ശേഷം എൻഎച്ച് ആന്റെ റെയിൽവേ ആക്ഷൻ കമ്മറ്റിയും മറ്റ് പൗര പ്രമുഖരുമായി കൂടിക്കാഴ്ച്ച നടത്തി. നഞ്ചൻഗോഡ്, നിലമ്പൂർ റെയിൽ നടപ്പിലാക്കും എന്നും അതിന് വേണ്ട എല്ലാ തരത്തിലുമുള്ള പ്രവർത്തനങ്ങളും നടത്തുമെന്നും അദ്ദേഹം ആക്ഷൻ കമ്മറ്റി ഭാരവാഹികൾക്ക് ഉറപ്പ് നൽകി.

Leave A Reply

Your email address will not be published.