Listen live radio

സംസ്ഥാന ബജറ്റ് ഇന്ന്: നികുതികൾ കൂട്ടിയേക്കും, ക്ഷേമപദ്ധതികൾക്കും സാധ്യത

after post image
0

- Advertisement -

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ, രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം സംസ്ഥാന ബജറ്റ് ഇന്ന് 9 മണിക്ക് അവതരിപ്പിക്കും. ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരപ്പിക്കുന്ന രണ്ടാമത്തെ ബജറ്റാണ് ഇന്നത്തേത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾക്കുളള സാധ്യത കുറവാണ്. വിവിധ നികുതികൾ വർദ്ധിപ്പിച്ചേക്കും. സേവനങ്ങൾക്കുള്ള ഫീസുകളും കൂടും.

മുൻഗാമിയായ തോമസ് ഐസകിൽ നിന്നും വേറിട്ട് കഥയും കവിതകളും ചമയങ്ങളുമില്ലാതെ കാര്യം മാത്രം പറഞ്ഞാണ് ബാലഗോപാലിൻറെ ബജറ്റ് അവതരണം. കേന്ദ്രവിഹിതത്തിലുണ്ടാകുന്നത് വൻ കുറവ്, റവന്യു വരവിലും മെച്ചമില്ല, ജൂൺ മുതൽ ജിഎസ്ടി നഷ്ടപരിഹാരവുമില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി കാലത്ത് പിടിച്ചുനിൽക്കാൻ ബജറ്റിൽ എന്തു ചെയ്യുമെന്നാണ് കേരളം കാത്തിരിക്കുന്നത്.

61 മിനുട്ടിൽ തീർത്ത ആദ്യ ബജറ്റിൽ കൊവിഡ് പാക്കേജായിരുന്നു മുഖ്യ ആകർഷണം. കൊവിഡ് പ്രതിസന്ധി ഒഴിഞ്ഞെങ്കിലും മഹാരോഗം ഉണ്ടാക്കിയ പ്രശ്‌നങ്ങൾ സമസ്ത മേഖലയിലും തുടരുന്നു. മാന്ദ്യം മാറ്റി ഉണർവ്വേകാനുള്ള പദ്ധതികൾ ബജറ്റിലുണ്ടാകും. വമ്പൻ പ്രഖ്യാപനങ്ങളില്ലാതെ വരുമാനം കൂട്ടി നിലമെച്ചപ്പെടുത്തലാകും പ്രധാന ലക്ഷ്യം. ക്ഷേമപെൻഷനുകൾ കൂട്ടി വരുന്ന ഇടത് ബജറ്റ് രീതി ആവർത്തിക്കുമോ എന്നുള്ളത് മറ്റൊരു ആകാംക്ഷ.

പെൻഷൻ പ്രായം കൂട്ടില്ലെന്ന് ഇതിനകം ധനമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. ഞെരുക്കത്തിനിടയിലും സിൽവർലൈൻ ബജറ്റിൽ എടുത്തുപറയും. വിവിധ തരം സേവനങ്ങൾക്കുള്ള ഫീസ് കൂട്ടിയേക്കും. നികുതി പിരിവ് ഊർജ്ജിതമാക്കാനുള്ള പ്രത്യേക പദ്ധതികൾ പ്രതീക്ഷിക്കാം. വിവിധ ആംനെസ്റ്റി പദ്ധതികൾ ഇതിനകം പ്രഖ്യാപിച്ചെങ്കിലും 17000 കോടിയോളും ഇനിയും പിരിച്ചുകിട്ടാനുണ്ട്. രാവിലെ 9നാണ് ബജറ്റ്. സാമ്പത്തിക അവലോകന റിപ്പോർട്ടും ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും.

Leave A Reply

Your email address will not be published.