Listen live radio

തെളിവ് നശിപ്പിക്കാന്‍ ഉപയോഗിച്ച കംപ്യൂട്ടര്‍ അഭിഭാഷകരുടെ കയ്യില്‍; സായ് ശങ്കറിന്റെ കൂടുതല്‍ മൊഴി

after post image
0

- Advertisement -

കൊച്ചി: ദിലീപുൾപ്പെട്ട വധഗൂഢാലോചന കേസിലെ പ്രതിയായ സൈബർ ഹാക്കർ സായ് ശങ്കറിന്റെ ചോദ്യം ചെയ്യലിന്‍റെ വിശദാംശങ്ങൾ പുറത്ത്. ദിലീപിന്റെ ഫോണുകളിലെ തെളിവ് നശിപ്പിച്ച ഐ മാക്കും ലാപ് ടോപ്പും അഭിഭാഷകരുടെ കസ്റ്റഡിയിലെന്ന് സായ് ശങ്കര്‍ അന്വേഷണ സംഘത്തെ അറിയിച്ചു. അഡ്വ. ഫിലിപ്പ് ഇത് രണ്ടും വാങ്ങി രാമൻ പിള്ളയുടെ ഓഫീസിൽ കൊണ്ടു വെച്ചു. താൻ ഒളിവിൽ ആയിരിക്കേ ഇവ പൊലീസിന്റെ കയ്യിൽ പെടുമെന്ന് പറഞ്ഞാണ് അവർ ഇങ്ങനെ ചെയ്തത്. തെളിവ് നശിപ്പിക്കാൻ കൂടുതൽ ഉപയോഗിച്ചത് അഭിഭാഷകരുടെ കസ്റ്റഡിയിൽ ഉള്ള ഐമാക്കും ലാപ്ടോപ്പും ആണെന്ന് സായ് ശങ്കർ മൊഴി നല്‍കി.

തന്റെ ഭാര്യയുടെ പേരിലുള്ള ഐമാക്കും തെളിവ് നശിപ്പിക്കാൻ ഉപയോഗിച്ചിട്ടുണ്ടെന്നും സായ് ശങ്കർ മൊഴി നല്‍കി. ഭാര്യയുടെ പേരിലുള്ള ഐമാക്ക് മാത്രമാണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ളതെന്ന് സായ് ശങ്കർ വ്യക്തമാക്കി. അഭിഭാഷകരുടെ കൈവശമുള്ളവ കസ്റ്റഡിയിലെടുക്കാൻ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. സായ് ശങ്കറിന്റെ രഹസ്യ മൊഴിയെടുക്കാൻ മജിസ്ട്രേറ്റ് കോടതി അനുമതി. ഈ മാസം 19 നാണ് കോടതി സമയം നൽകിയിരിക്കുന്നത്. ഈ തീയതി പ്രായോഗികമല്ലെന്ന് ക്രൈംബ്രാഞ്ച് പ്രതികരിച്ചു. മൊഴി എടുക്കൽ നേരത്തെ ആക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകും. വധ ഗൂഢാലോചന കേസിൽ ജാമ്യത്തിലാണ് സായ് ശങ്കർ ഇപ്പോള്‍.

അതിനിടെ, കേസിൽ ദിലീപിന് വേണ്ടി സാക്ഷിയെ സ്വാധീനിക്കുന്ന മൊബൈൽ ഫോണ്‍ സംഭാഷണം പുറത്ത് വന്നു. ഡോക്ടർ ഹൈദരലിയും ദിലീപിന്‍റെ സഹോദരി ഭർത്താവ് സൂരജും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. ദിലീപിന് അനുകൂലമായി മൊഴി നൽകാൻ സൂരജ് ഡോക്ടറിനോട് ആവശ്യപ്പെടുന്നതാണ് സംഭാഷണം. നടി ആക്രമിക്കപ്പെടുമ്പോൾ ആലുവയിലെ ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു എന്നാണ് ദിലീപിന്‍റെ വാദം. ഇങ്ങനെയായിരുന്നു ആദ്യം ദിലീപ് മൊഴി നൽകിയിരുന്നത്. എന്നാലിത് തെറ്റാണെന്ന് പിന്നീട് അന്വേഷണ സംഘം കണ്ടെത്തി. ദിലീപ് അഡ്മിറ്റ് ആയിരുന്നില്ലെന്ന് ഡോക്ടർ ഹൈദരലി ആദ്യം മൊഴി നൽകിയിരുന്നു. ഈ മൊഴി തിരുത്താനാണ് ആവശ്യപ്പെടുന്നത്.

Leave A Reply

Your email address will not be published.