Listen live radio

ദേശീയപണിമുടക്കില്‍ പങ്കെടുത്തവരുടെ ശമ്പളവും പിടിക്കും; സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി കാര്യം കാണാമെന്ന് വിചാരിക്കേണ്ട; യൂണിയനുകള്‍ക്കെതിരെ ഗതാഗതമന്ത്രി

after post image
0

- Advertisement -

തിരുവനന്തപുരം: ദേശീയ പണിമുടക്കില്‍ പങ്കെടുത്ത കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം പിടിക്കും. കഴിഞ്ഞ 28,29 തീയതികളിലെ ദേശീയ പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് ഡയസ് നോണ്‍ നടപ്പാക്കണമെന്ന് ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്. ഇന്നുതന്നെ ഗതാഗത വകുപ്പ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന് ഇതുസംബന്ധിച്ച ഉത്തരവ് കൈമാറിയേക്കും. ഈ നടപടിയില്‍ മന്ത്രിയെന്ന നിലയില്‍ താന്‍ ഇടപെടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി.

 

പണിമുടക്കിയ തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ്. പണിമുടക്കിന് തലേന്നും പിറ്റേന്നും മുന്‍കൂട്ടി അറിയിക്കാതെ ജോലിക്ക് ഹാജരാവത്തവര്‍ക്കും വൈകി എത്തിയവര്‍ക്കും എതിരെയും നടപടി ഉണ്ടാകും. ശമ്പളം ലഭിച്ചില്ലെന്ന് ആരോപിച്ച് ഈ മാസം അഞ്ചിന് പണിമുടക്കിയ ജീവനക്കാരുടെ വേതനം പിടിക്കാനും തീരുമാനിച്ചിട്ടുണ്ട്.

പത്താം തീയതി ശമ്പളം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സൂചനാ പണിമുടക്ക് നടത്തരുതെന്ന് തൊഴിലാളി യൂണിയനുകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാരിന്റെ വാക്കു മുഖവിലയ്‌ക്കെടുക്കാതെ, ജനങ്ങളെ പെരുവഴിയിലാക്കി ജീവനക്കാര്‍ സമരം നടത്തുകയാണ് ചെയ്തത്. ഇങ്ങനെ ചെയ്തശേഷം ഇനി ശമ്പളക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പറയുന്നതില്‍ എന്ത് ന്യായമാണുള്ളതെന്ന് മന്ത്രി ആന്റണി രാജു ചോദിച്ചു.

സര്‍ക്കാരിന്റെ വാക്ക് വിശ്വസിക്കാതെയല്ലേ യൂണിയനുകള്‍ സമരത്തിന് പോയത്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് അംഗീകരിക്കാന്‍ യൂണിയനുകള്‍ തയ്യാറായിരുന്നെങ്കില്‍ പത്താം തീയതിക്ക് മുമ്പേ ശമ്പളം കിട്ടുമായിരുന്നല്ലോ. ആ ഉറപ്പ് പാലിക്കപ്പെട്ടിരുന്നില്ലെങ്കില്‍, സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാല്‍ മനസ്സിലാക്കാം. പക്ഷെ ഇവിടെ സര്‍ക്കാരിന്റെ ഉറപ്പ് മാനിക്കാതെ എടുത്തുചാടി സമരം നടത്തിയതിന് ഉത്തരവാദി സര്‍ക്കാരോ മാനേജ്‌മെന്റോ ആണോയെന്ന് മന്ത്രി ചോദിച്ചു.

തൊഴിലാളി യൂണിയനുകള്‍ ഇതിന് ഉത്തരം പറയണം. പത്താം തീയതി ശമ്പളം കൊടുക്കാന്‍ കഴിയുമായിരുന്നോ എന്ന ചോദ്യത്തിന്, സര്‍ക്കാര്‍ വിചാരിച്ചാല്‍ അതിനുള്ള വഴി കണ്ടെത്താനാകില്ലേയെന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം. അതിനുള്ള വഴി കണ്ടെത്തിയിട്ടാണ് സര്‍ക്കാര്‍ ഇത്തരമൊരു ഉറപ്പ് നല്‍കിയത്. എന്നാല്‍ അതു മുഖവിലയ്‌ക്കെടുക്കാന്‍ പോലും കൂട്ടാക്കാത്ത നിലയ്ക്ക് സര്‍ക്കാര്‍ ഇനി എന്തിന് ഇടപെടണം. പ്രതിസന്ധിയിൽ ആക്കിയവർ തന്നെ പരിഹാരം കാണട്ടെ. ശമ്പളക്കാര്യം സമരക്കാരും മാനേജ്‌മെന്റും തീരുമാനിക്കട്ടെയെന്ന് മന്ത്രി പറഞ്ഞു.

ഇക്കാര്യത്തില്‍ സിഐടിയു യൂണിയന്‍ മാതൃകാപരമായ നിലപാടാണ് സ്വീകരിച്ചത്. പക്ഷെ യൂണിയന്‍ നേതൃത്വത്തെ മറികടന്ന് നിരവധി തൊഴിലാളികള്‍ പണിമുടക്കിയിരുന്നു. ശമ്പളം അഞ്ചുദിവസം വൈകിയാല്‍ പണിമുടക്കി ജനങ്ങളെ വഴിയാധാരമാക്കി പെരുവഴിയിലാക്കും, സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന് വാശിപിടിച്ചാല്‍ ആ നിലപാട് ഇനി അംഗീകരിക്കാന്‍ കഴിയില്ല. ഇത് കുറേക്കാലമായി തുടര്‍ന്നുവരികയാണ്. ഇതിന് ഒരു അന്ത്യമുണ്ടാക്കണം. സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി, ഭീഷണിപ്പെടുത്തി കാര്യം കാണാമെന്നുള്ള നേതാക്കന്മാരുടെ മനോഭാവം മാറാതെ ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാകില്ലെന്ന് ഗതാഗതമന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.