Listen live radio

ദ്രൗപദി മുര്‍മുവിനെ ഒറ്റക്കെട്ടായി വിജയിപ്പിക്കണം; പ്രതിപക്ഷം മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് ബിജെപി

after post image
0

- Advertisement -

ന്യൂഡല്‍ഹി: പട്ടികവര്‍ഗ-ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നേതാവ് മത്സരിക്കുന്നതിനാല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിന്നും പ്രതിപക്ഷം പിന്മാറണമെന്ന് ബിജെപി.  സ്വതന്ത്ര ഇന്ത്യ 75 വര്‍ഷം പിന്നിടുമ്പോള്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നൊരു വനിത, ഇന്ത്യയുടെ പ്രസിഡന്റ് പദവിയിലെത്താന്‍ അവസരം ഒരുങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യം ഒറ്റക്കെട്ടായി ദ്രൗപദി മുര്‍മുവിനെ വിജയിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

 

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ദ്രൗപദി മുര്‍മു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന തീയതി ഇന്ന് തീരുമാനിച്ചേക്കും. അതേസമയം രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറണമെന്ന ബിജെപിയുടെ ആവശ്യം പ്രതിപക്ഷം തള്ളി. മത്സരത്തില്‍ ഉറച്ചു നില്‍ക്കുന്നു. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്ന പ്രശ്‌നമില്ല. ബിജെപിയുടെ സ്ഥാനാര്‍ത്ഥി തങ്ങള്‍ ഉദ്ദേശിച്ച ആള്‍ തന്നെയാണെന്നും പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കി.

മുൻ കേന്ദ്ര ധനമന്ത്രി യശ്വന്ത് സിൻഹയെയാണ് പ്രതിപക്ഷം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ ചേർന്ന ബിജെപി പാർലമെന്ററി ബോർഡ് യോ​ഗമാണ് ജാർഖണ്ഡ് മുന്‍ ഗവര്‍ണറും ഒഡീഷ മുന്‍ മന്ത്രിയുമായിരുന്ന ദ്രൗപതി മുർമുവിനെ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്. രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യ ഗോത്രവർഗ്ഗ നേതാവാകും ദ്രൗപതി മുർമു.

ഒഡീഷയിലെ സന്താൾ ഗോത്ര വർഗ്ഗ വിഭാഗത്തിൽപ്പെട്ട ദ്രൗപദി മുർമു രണ്ട് തവണ സംസ്ഥാനത്തെ എംഎൽഎ ആയിരുന്നു. ഒഡീഷയിൽ ട്രാൻസ്പോട്ട്. ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായും ദ്രൗപദി പ്രവത്തിച്ചിട്ടുണ്ട്.  1958 ജൂൺ 20ന് ഒഡിഷയിലെ മയൂര്‍ഭഞ്ജ് ജില്ലയിലെ ബൈദാപോസി ഗ്രാമത്തിലായിരുന്നു ദ്രൗപതി മുർമുവിന്‍റെ ജനനം. 2015 ൽ ജാർഖണ്ഡ് ഗവർണറായി. പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും ഗവർണർ പദവിയിലേക്ക് എത്തിയ വനിത എന്ന സവിശേഷതയും മുർമുവിനുണ്ട്. മികച്ച എം എൽ എയ്ക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. പരേതനായ ശ്യാം ചരൺ മുർമുവാണ് ദ്രൗപദിയുടെ ഭർത്താവ്.  രണ്ട്‍ ആൺമക്കളും ഒരു പെൺകുട്ടിയുമുണ്ട്. ഭർത്താവും രണ്ട്‍ ആൺമക്കളും മരിച്ചു.

ഭുവനേശ്വറിലെ രമാദേവി വനിതാ സര്‍വകലാശാലയില്‍നിന്ന് വിദ്യാഭ്യാസം നേടിയ മുര്‍മു അധ്യാപികയായാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. തുടര്‍ന്ന് രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 1997-ല്‍ റായ്റംഗ്‌പുരില്‍ നഗരസഭാ കൗണ്‍സിലര്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചു. നഗരസഭാ ചെയര്‍പേഴ്സണായും പ്രവര്‍ത്തിച്ചു. റായ്റംഗ്പുര്‍ മണ്ഡലത്തില്‍നിന്ന് രണ്ടുതവണ ബിജെപി ടിക്കറ്റില്‍ എംഎല്‍എ ആയി. 2000ത്തിൽ ആദ്യവട്ടം എംഎൽഎയായപ്പോൾ തന്നെ മന്ത്രിപദവും തേടിയെത്തി. ബിജെപി-ബിജെഡി സംയുക്ത സർക്കാരിൽ നാലുവർഷം മന്ത്രിയായി.  2017 ലും എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ദ്രൗപദി മുർമുവിനെ ബിജെപി പരിഗണിച്ചിരുന്നു.

Leave A Reply

Your email address will not be published.