ന്യൂഡൽഹി∙ ഡൽഹിയിലെ രാം കേശിന്റെ കൊലപാതക കേസിൽ വൻ ട്വിസ്റ്റ്. അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത് നിർണായക വിവരങ്ങൾ. ഒക്ടോബർ 6ന് നടന്ന തീപിടിത്തത്തിൽ മരിച്ച രാം കേശ് മീണ (32)യുടെ മരണത്തിലാണ് ക്രൈം ത്രില്ലർ സിനിമകളുടേത് പോലുള്ള ട്വിസ്റ്റുകൾ സംഭവിച്ചത്. വടക്കൻ ഡൽഹിയിലെ തിമാർപൂർ പ്രദേശത്തെ ഒരു ഫ്ലാറ്റിൽ ഒക്ടോബർ 6ന് നടന്ന തീപിടിത്തത്തിലാണ് രാം കേഷ് മീണ മരിച്ചത്. എന്നാൽ പൊലീസ് അന്വേഷണത്തിൽ ഇത് അപകടമരണമല്ലെന്നും മറിച്ച് കൊലപാതകമാണെന്നും കണ്ടെത്തിയിരുന്നു. പിന്നാലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവരികയായിരുന്നു. രാം കേശ് സൂക്ഷിച്ചിരുന്ന ഹാർഡ് ഡിസ്ക്കിൽ അമൃതയുടേത് കൂടാതെ മറ്റ് 15 സ്ത്രീകളുടെ നഗ്നന ദൃശ്യങ്ങൾ ഉണ്ടെന്ന് പൊലീസ് കണ്ടെത്തി.
രാം കേശിന്റെ മരണത്തിന് മൂന്ന് ആഴ്ചകൾക്ക് ശേഷമാണ് ഇയാളുടെ ജീവിത പങ്കാളിയായ അമൃത ചൗഹാൻ, അവരുടെ മുൻ കാമുകൻ സുമിത് കശ്യപ്, മറ്റൊരു സുഹൃത്ത് സന്ദീപ് കുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. അപകട മരണമാണെന്ന് വരുത്തിത്തീർക്കാൻ രാം കേശിനെ തീകൊളുത്തി കൊലപ്പെടുത്തിയതിന് ആയിരുന്നു അറസ്റ്റ്.
രാം കേഷ് തന്റെ സ്വകാര്യ വിഡിയോകൾ റെക്കോർഡ് ചെയ്ത് ഹാർഡ് ഡിസ്കിൽ സൂക്ഷിച്ചിരുന്നതിനാലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നായിരുന്നു അമൃത പൊലീസിനോട് പറഞ്ഞത്. ഈ വിഡിയോകൾ ഇല്ലാതാക്കാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും അയാൾ സമ്മതിച്ചില്ല. ഇതോടെ കൂട്ടാളികളുടെ സഹായത്തോടെ കൊലപാതകം നടത്തുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാം കേശിന്റെ ഹാർഡ് ഡിസ്ക് കണ്ടെത്തിയത്. ഇതിൽ അമൃതയുടേത് കൂടാതെ മറ്റ് 15 യുവതികളുടെ കൂടി സ്വകാര്യ ദൃശ്യങ്ങൾ രാം കേശ് സൂക്ഷിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഇതോടെയാണ് രാം കേശിനെതിരെ യുവതി നടത്തിയ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞത്.
രാം കേശിന് പരിചയപ്പെടുന്ന യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ സൂക്ഷിച്ച് വയ്ക്കുന്ന രീതിയുണ്ടെന്ന് പൊലീസ് പറയുന്നു. ഇന്റർനെറ്റിൽ ഇത് പ്രചരിപ്പിക്കുമെന്ന് കരുതിയായിരുന്നു രാം കേശിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് ചോദ്യം ചെയ്യലിൽ പ്രതികൾ വെളിപ്പെടുത്തിയത്.














