National

‘ഒരു സർപ്രൈസുണ്ട്…’ മകന്റെ വാക്ക് കേട്ട് വീട്ടിലെത്തി അമ്മ, രക്തത്തിൽ കുളിച്ച് മകൾ

മൊറാദാബാദ്∙ ‘നമുക്ക് വീട്ടിൽ പോകാം, നിങ്ങൾക്കൊരു സർപ്രൈസുണ്ട്’. ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശിയായ എഞ്ചിനിയർ ഹാർദിക് ഇതും പറഞ്ഞാണ് ഓഫിസിലെത്തി അമ്മ നീലിമയെ കണ്ടത്. മകന്റെ വാക്കു കേട്ടതിന് പിന്നാലെ അമ്മ വീട്ടിലേക്കെത്തി. പക്ഷേ, വീട്ടിൽ കണ്ട ആ കാഴ്ച അതിദാരുണമായിരുന്നു. വീട്ടിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന മകൾ ഹിമാഷിക. മകളെ കണ്ടപ്പോള്‍ തന്നെ ആ അമ്മ ആർത്തുവിളിച്ചു. പിന്നാലെ ഒപ്പമുണ്ടായിരുന്ന മകൻ അമ്മയേയും ആക്രമിച്ചു. കരിയറിനെയും പ്രണയബന്ധത്തെയും പറ്റിയും പറഞ്ഞ് സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കത്തിന് പിന്നാലെയാണ് കൊലപാതകം.

ഹാർദിക്കും ഹിമാഷികയും 25 വയസ്സുള്ള എഞ്ചിനിയർമാരാണ്. ഇരുവരും ഗുരുഗ്രാമിലായിരുന്നു നേരത്തെ ജോലി ചെയ്തത്. ജോലിക്കൊപ്പം ഹിമാഷിക എംബിഎ പഠിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒന്നരവർഷത്തോളം ജോലി ചെയ്തതിന് ശേഷം ഹാർദിക് ജോലി ഉപേക്ഷിച്ചു. പിന്നാലെ കൂടുതൽ സമയം സമൂഹ മാധ്യമങ്ങളിൽ ചെലവഴിക്കാൻ തുടങ്ങി. മുഴുവൻ സമയവും മൊബൈൽ ഫോണിൽ ചെലവഴിക്കുന്നതും രാത്രി ഏറെ വൈകിയും ചാറ്റിൽ മുഴുകുന്നതും കുടുംബം ശ്രദ്ധിച്ചു. ഇതിനിടെ ഹാർദിക് പുണെ സ്വദേശിയായ ഒരു മുസ്‍ലിം യുവതിയുമായി സ്നേഹത്തിലാവുകയും അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്തു.

ഇരട്ട സഹോദരി ഹിമാഷികയും അമ്മ നീലിമയും ഇടയ്ക്കിടെ ഹാർദിക്കിനോട് ഇക്കാര്യത്തെ പറ്റി സംസാരിക്കാൻ തുടങ്ങി. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇവർ ഹാർദിക്കിനോട് പറഞ്ഞു. മാർച്ച് ആറാം തീയതി വൈകിട്ട് ഇതേകാര്യത്തെപറ്റി സഹോദരി വീണ്ടും സംസാരിച്ചു. അത് വലിയ വാക്കു തർക്കത്തിന് കാരണമായി. പിന്നാലെയാണ് അടുക്കളയിൽ നിന്ന് കത്തിയെടുത്ത് ഹാർദിക്ക് സഹോദരിയെ ആക്രമിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ഹിമാഷികയുടെ ശരീരത്തിൽ 84 വെട്ടുകളുണ്ട്.

സഹോദരിയെ ആക്രമിച്ചതിന് പിന്നാലെ ഹാർദിക് അമ്മ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്കാണ് പോയത്. സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞാണ് അമ്മ നീലിമയോട് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടത്. വീട്ടിലെത്തിയ ഹാർദിക്ക് അമ്മയേയും ആക്രമിച്ചു. പരുക്കേറ്റ നീലിമ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ ഹാർദിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രണയബന്ധത്തിന് നിന്ന് വിട്ടുനിൽക്കാനും നിരന്തരം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിന് കാരണമെന്ന് ഹർദിക് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.