Listen live radio

മനുഷ്യ – വന്യജീവി സംഘര്‍ഷം ജില്ലയില്‍ നോഡല്‍ ഓഫീസറെ നിയമിക്കും – മന്ത്രി എ.കെ ശശീന്ദ്രന്‍

· മുടങ്ങി കിടക്കുന്ന പദ്ധതികള്‍ പരിശോധിക്കും · പദ്ധതികളുടെ ആസൂത്രണത്തില്‍ ജില്ലയുടെ ഭൂമിശാസ്ത്രം കണക്കിലെടുക്കും

after post image
0

- Advertisement -

ജില്ലയിലെ മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഐ.എഫ്.എസ് റാങ്കിലുളള ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറെ നിയമിക്കുമെന്ന് വനം വന്യ ജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. വനമേഖലയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ കളക്‌ട്രേറ്റില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ജനവാസമേഖലകളിലേക്ക് വന്യമൃഗങ്ങള്‍ ഇറങ്ങുന്നത് തടയാനുള്ള മുന്‍കരുതലുകള്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. വന്യജീവികള്‍ നാട്ടിലിറങ്ങുന്നത് തടയുന്നതിനായി തയ്യാറാ ക്കിയ പദ്ധതികളില്‍ പലതും പൂര്‍ത്തിയാകാതെ കിടക്കുന്നതായി ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ട്. ഇവയുടെ നിര്‍വ്വഹണ പുരോഗതിക്ക് തടസമായി നില്‍ക്കുന്ന വിഷയങ്ങള്‍ പരിശോധിച്ച് പരിഹരിക്കും. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഇനിമുതല്‍ പദ്ധതികള്‍ തയ്യാറാക്കുക. ഇത്തരം പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി യഥാസമയ ങ്ങളില്‍ വിലയിരുത്തുന്നതിനും നോഡല്‍ ഓഫീസറുടെ സേവനം സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.

വനംവകുപ്പും പൊതുജനങ്ങളും തമ്മിലുളള ബന്ധം സുഖകരമാക്കാന്‍ ഉദ്യോഗസ്ഥര്‍ മുന്‍കൈയെടുക്കണം. വന്യജീവി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കണം. വനസംരക്ഷണത്തിനും വന്യജീവി ആക്രമണം തടയുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ പൊതുജനപങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. നഷ്ടപരിഹാര തുക കാലാനുസൃതമായി വര്‍ദ്ധിപ്പിക്കുന്നതിനുളള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. വന്യമൃഗങ്ങള്‍ നിമിത്തമുള്ള വിളനാശത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നത് ഉയര്‍ന്ന തുക നഷ്ടപരിഹാരമായി ലഭിക്കുന്നതിന് സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. മനുഷ്യ വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേരും.

ശാശ്വത പരിഹാരം വേണം – സര്‍വ്വകക്ഷി യോഗം

ജില്ലയില്‍ വര്‍ദ്ധിച്ച് വരുന്ന വന്യമൃഗ ശല്യത്തിനെതിരെ ശാശ്വത പരിഹാരം വേണമെന്ന് മനുഷ്യ വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ജനസാന്ദ്രതയുളള പ്രദേശങ്ങളില്‍ പോലും ആനയടക്കമുളള വന്യമൃഗങ്ങള്‍ സൈ്വര്യ വിഹാരം നടത്തുന്ന സാഹചര്യമാണ് നിലവിലുളളത്. പ്രതിരോധ സംവിധാനങ്ങള്‍ വനം വകുപ്പ് ത്വരിതപ്പെടുത്തണം. യഥാസമയം അറ്റകുറ്റപണികള്‍ വൈകുന്നത് പലയിടങ്ങളിലും സൗരോര്‍ജ്ജ വേലികള്‍ ദുര്‍ബലമാകുന്നു. ഇതെല്ലാം വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതിന് കാരണമാകുന്നതായി ജനപ്രതിനധികള്‍ ചൂണ്ടിക്കാട്ടി.

മനുഷ്യ വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കണം. പൊതുജനങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ അറിയിക്കാനും ഫലപ്രദമായ ഇടപെടലുകള്‍ നടത്തുന്നതിന് ഐ.എഫ്.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറായി ജില്ലയില്‍ നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വന്യജീവി ആക്രമണങ്ങള്‍ ഉണ്ടാകുന്ന സാഹചര്യ ത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ജനങ്ങളുമായി ആശയവിനിമയം നടത്തണം.

വന്യജീവി വിഷയത്തില്‍ പൊതുവായി കാണുന്ന ഫണ്ട് ലഭ്യതയും യോഗം ചര്‍ച്ച ചെയ്തു. മതിയായ നഷ്ടപരിഹാരം നല്‍കുന്നതിനും മറ്റ് പദ്ധതികള്‍ക്കും സര്‍ക്കാര്‍ ഫണ്ടിനു പുറമെ മറ്റ് സ്രോതസുകളും കണ്ടെത്തണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. തദ്ദേശ സ്ഥാപനങ്ങള്‍ ക്കൊപ്പം മറ്റു സംരംഭകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും ഫണ്ട് സമാഹരണം നടത്തണമെന്നും ഇക്കാര്യത്തില്‍ ആവശ്യമായ പിന്തുണ നല്‍കുമെന്നും ജനപ്രതിനിധികള്‍ യോഗത്തെ അറിയിച്ചു. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പില്‍ മെറ്റീരിയല്‍ കോസ്റ്റില്‍ ഉള്‍പ്പെടുത്തി വന്യജീവി പ്രതിരോധ സംവിധാനങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള സാധ്യതയും പരിശോധിക്കണം.

വനം വകുപ്പിന്റെ വിവിധ പദ്ധതികളുടെ നിര്‍വ്വഹണം കാര്യക്ഷമമാക്കണം. അംഗീകാരം ലഭിച്ച പല പദ്ധതികളും ഇഴഞ്ഞ് നീങ്ങുന്ന പ്രവണതകള്‍ ഉണ്ടാകരുത്. പദ്ധതികളുടെ വിവരങ്ങളും തത്സ്ഥിതിയും ജനപ്രതിനിധികള്‍ അറിയണമെന്ന് എം.എല്‍.എമാര്‍ അടക്കമുളള ജനപ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. വന്യമൃഗ ആക്രമണത്തില്‍ ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിലുളള കാലതാമസവും അനിശ്ചിതത്വവും ഒഴിവാക്കണം. നഷ്ടപരിഹാരം നല്‍കുന്നതിനുളള മാനദണ്ഡങ്ങള്‍ കാലാനുസൃതമായി പരിഷ്‌ക്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എന്‍.ഒ.സി നല്‍കുന്നതില്‍ വനം വകുപ്പ് അനാവശ്യ കാലതാമസം വരുത്തുന്നതായും യോഗത്തില്‍ ആക്ഷേപമുയര്‍ന്നു.

യോഗത്തില്‍ എം.എല്‍.എമാരായ ഐ.സി.ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ എ.ഗീത, ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ്, എ.പി.സി.സി.എഫ് രാജേഷ് രവീന്ദ്രന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി. ഗഗാറിന്‍, വി.എ.മജീദ്, പ്രശാന്ത് മലവയല്‍, സി.കെ ശശീന്ദ്രന്‍, കെ.ജെ ദേവസ്യ, കെ.കെ ഹംസ, എം.സി സെബാസ്റ്റ്യന്‍, എന്‍.ഒ ദേവസി, പി.പി ആലി, യഹ്യാഖാന്‍ തലക്കല്‍, സി.എ ശിവരാമന്‍, എം.ടി. ഇബ്രാഹിം, ഇ.ടി ബാബു, എന്‍.പി രജിത്ത്, ബി. രാധാകൃഷ്ണന്‍ പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.