Listen live radio
സ്വര്‍ണം മെര്‍ക്കുറിയില്‍ പൊതിഞ്ഞ് വെള്ളി നിറമാക്കി ട്രോളി ബാഗിനകത്ത് സ്‌ക്രൂ ചെയ്തു; കരിപ്പൂരില്‍ ഒരു കിലോ സ്വര്‍ണം പിടികൂടി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം വെള്ളിനിറമാക്കി ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കള്ളക്കടത്ത് നടത്താനുള്ള നീക്കം പിടികൂടി. മെര്‍ക്കുറിയില്‍ പൊതിഞ്ഞ് കസ്റ്റംസിനെ കബളിപ്പിച്ച് കടത്തിയ ഒരു കിലോ സ്വര്‍ണമാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പൊലീസ് പിടികൂടിയത്.
അബുദാബിയില്‍ നിന്ന് ദുബായ് വഴി കരിപ്പൂരിലെത്തിയ മലപ്പുറം തിരൂര്‍ കൂട്ടായി സ്വദേശി അനീഷ് ബാബുവാണ് പിടിയിലായത്. സ്വര്‍ണം മെര്‍ക്കുറിയില്‍ പൊതിഞ്ഞ് വെള്ളി നിറമാക്കി കടത്തുകയായിരുന്നു. ട്രോളി ബാഗിനകത്ത് രണ്ടു റോഡുകളിലായി 1002 ഗ്രാം സ്വര്‍ണമാണ് ഒളിപ്പിച്ചത്.
ആഭ്യന്തര വിപണിയില്‍ ഇതിന് 52 ലക്ഷം രൂപ വില വരും. കസ്റ്റംസ് പരിശോധന കഴിഞ്ഞ് അനീഷ് പുറത്തേക്ക് പോകും വഴി ഗേറ്റിന് സമീപം വെച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. ചോദ്യം ചെയ്യലില്‍ കയ്യില്‍ സ്വര്‍ണമില്ലെന്ന് അനീഷ് പറഞ്ഞു.
ശരീരത്തിലും വാഹനത്തിലുമെല്ലാം പരിശോധന നടത്തിയെങ്കിലും ഒന്നും ലഭിച്ചില്ല. തുടര്‍ന്ന് ട്രോളി ബാഗ് വിശദമായി പരിശോധിച്ചപ്പോഴാണ്, ബാഗിന് സപ്പോര്‍ട്ടായിട്ടുള്ള ലോഹദണ്ഡിന് പകരമായി സ്വര്‍ണദണ്ഡ് പിടിപ്പിച്ച് അലൂമിനിയം പാളി കൊണ്ട് കവര്‍ ചെയ്ത് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടി സ്‌ക്രൂ ചെയ്ത് അതിവിദഗ്ധമായി കടത്തുകയായിരുന്നു.