Listen live radio
കല്‍പറ്റ: കടംകയറിയതിന്റെ മനോവേദനയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ വീട് കൃഷി മന്ത്രി പി.പ്രസാദ് സന്ദര്‍ശിച്ചു. ചെന്നലോട് പുത്തന്‍പുരക്കല്‍ ഷൈജന്‍ എന്ന ദേവസ്യയുടെ(49) വീട്ടിലാണ് ഇന്നു രാവിലെ എട്ടരയോടെ മന്ത്രി എത്തിയത്. സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു, സംസ്ഥാന സമിതിംഗം വിജയന്‍ ചെറുകര, വൈത്തിരി മണ്ഡലം സെക്രട്ടറി അഷ്‌റഫ് തയ്യില്‍, കിസാന്‍സഭ മണ്ഡലം സെക്രട്ടറി വി.മുരളീധരന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഷിബു പോള്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. കൃഷി-കുടുംബ ആവശ്യങ്ങള്‍ക്കു ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും മറ്റുമായി ദേവസ്യ 18 ലക്ഷത്തോളം രൂപ കടം എടുത്തിരുന്നു. ഇത് വീട്ടാന്‍ പ്രയാസപ്പെടുന്നതിനിടെ അദ്ദേഹത്തിന്റെ നേന്ത്രവാഴക്കൃഷി കാറ്റിലും മഴയിലും നശിച്ചു. ഇതേത്തുടര്‍ന്നു ദേവസ്യ വിഷം കഴിച്ചു ജീവനൊടുക്കുകയായിരുന്നു. കഴിഞ്ഞ മൂന്നിനു പുലര്‍ച്ചെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു മരണം. ദേവസ്യയുടെ ഭാര്യ സിനിയെയും കുടുംബത്തിലെ മറ്റംഗങ്ങളെയും മന്ത്രി ആശ്വസിപ്പിച്ചു. വീട്ടുകാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെയും തദ്ദേശഭരണ മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും സാധ്യമായ സഹായം ലഭ്യമാക്കുമെന്നും ഉറപ്പുനല്‍കി.