Listen live radio

കേരളത്തിലെ കാര്‍ഷിക രംഗം വളര്‍ച്ചയുടെ പാതയില്‍: മന്ത്രി

after post image
0

- Advertisement -

സംസ്ഥാനത്തെ കാര്‍ഷികരംഗം വളര്‍ച്ചയുടെ പാതയിലാണെന്നും ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയെ കേരളം ഏറ്റെടുത്തുവെന്നും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ മൂന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി എഫ്.പി.ഒകള്‍ക്കും കൃഷികൂട്ടങ്ങള്‍ക്കും ഡ്രോണുകളും കാര്‍ഷിക യന്ത്രങ്ങളും വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മാനന്തവാടി വള്ളിയൂര്‍ക്കാവില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക മേഖലയുടെ വളര്‍ച്ചയില്‍ കൃഷിക്കൂട്ടങ്ങളുടെ പങ്ക് നിര്‍ണായകമാണ്. ഡ്രോണുകള്‍ പോലുള്ള സാങ്കേതിക മുന്നേറ്റങ്ങള്‍ കാര്‍ഷിക മേഖലക്ക് മുതല്‍കൂട്ടാണ്. കര്‍ഷകരുണ്ടാക്കുന്ന ഏത് കാര്‍ഷിക ഉത്പ്പന്നങ്ങള്‍ക്കും കേരള ഗ്രോ ബ്രാന്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. വിള ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ടുള്ള കുടിശ്ശിക തീര്‍ക്കാനുളള ശ്രമത്തിലാണ്. വന്യമൃഗശല്യം പ്രതിരോധിക്കാന്‍ കൃഷി വകുപ്പും പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഓരോ കൃഷിഭവനുകളും ഓരോ മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കണം. കര്‍ഷകര്‍ക്ക് ലഭിക്കുന്ന സേവനം സ്മാര്‍ട്ടാകുമ്പോള്‍ മാത്രമെ കൃഷിഭവനുകള്‍ സ്മാര്‍ട്ടാകുകയുള്ളു എന്നും അതിന് ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി.അശോക് മുഖ്യ പ്രഭാഷണം നടത്തി. പത്മശ്രീ പുരസ്‌ക്കാര ജേതാവ് ചെറുവയല്‍ രാമനെയും മുതിര്‍ന്ന കര്‍ഷകന്‍ ജോര്‍ജ് കുഴിക്കണ്ടത്തെയും ചടങ്ങില്‍ മന്ത്രി ആദരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ എച്ച്.ബി പ്രദീപ്, പി.വി ബാലകൃഷ്ണന്‍, സുധി രാധാകൃഷ്ണന്‍, പി.എം ആസ്യ, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ജുനൈദ് കൈപ്പാണി, കെ.വിജയന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ കെ.സി സുനില്‍ കുമാര്‍, പി.എം ബെന്നി, സംസ്ഥാന കാര്‍ഷിക എഞ്ചിനീയര്‍ വി. ബാബു, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ.എസ് സഫീന തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍, കാര്‍ഷിക പ്രതിനിധികള്‍, കാര്‍ഷിക വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.