Listen live radio

ഇ-പോസ് യന്ത്രങ്ങള്‍ വീണ്ടും പണിമുടക്കി; സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങി

after post image
0

- Advertisement -

തിരുവനന്തപുരം: ഇ-പോസ് യന്ത്രങ്ങള്‍ വീണ്ടും പണിമുടക്കിയതോടെ, സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്നത്തേയ്ക്ക് നിര്‍ത്തിവെച്ചു. സോഫ്റ്റ് വെയര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ടാണ് തകരാര്‍ എന്നാണ് ഭക്ഷ്യവകുപ്പ് നല്‍കുന്ന വിശദീകരണം. സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിന് ശ്രമം തുടങ്ങിയെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു. ഭക്ഷ്യവസ്തുക്കളില്‍ കേന്ദ്രവിഹിതം പ്രത്യേകം രേഖപ്പെടുത്തുന്ന ബില്‍ നല്‍കുന്നതിനാണ് സോഫ്റ്റ് വെയര്‍ പുതുക്കുന്നത്.

രാവിലെ റേഷന്‍ കടകള്‍ പ്രവര്‍ത്തനം ആരംഭിച്ച സമയത്താണ് ഇ- പോസ് യന്ത്രങ്ങള്‍ നിശ്ചലമായത്. ഇതിനെ തുടര്‍ന്ന് മണിക്കൂറുകളോളം കാത്തുനിന്നിട്ടും റേഷന്‍ കിട്ടാതെ ആളുകള്‍ മടങ്ങി. ഇ- പോസ് ഇടയ്ക്കിടെ പണിമുടക്കുന്നത് മൂലം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലെന്ന് വ്യാപാരികള്‍ പറയുന്നു. സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഹൈദരാബാദിലെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ ശ്രമം തുടങ്ങി. ഇ- പോസ് യന്ത്രവുമായി ബന്ധപ്പെട്ട സാങ്കേതികകാര്യങ്ങള്‍ നോക്കുന്നത് എന്‍ഐസിയാണ്.

ഏപ്രിലിലും സമാനമായ പ്രശ്‌നം നേരിട്ടിരുന്നു. അന്ന് സെര്‍വറില്‍ ആവശ്യത്തിന് സ്ഥലം ഇല്ലാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. സംസ്ഥാനത്തിന്റെ സെര്‍വറിലേക്ക് വിവരങ്ങള്‍ മാറ്റിയാണ് അന്ന് സാങ്കേതിക തകരാര്‍ പരിഹരിച്ചത്. അടുത്തിടെ, ഭക്ഷ്യവസ്തുക്കളില്‍ കേന്ദ്രവിഹിതം പ്രത്യേകം രേഖപ്പെടുത്തുന്ന ബില്‍ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സോഫ്റ്റ് വെയര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ടാണ് തകരാര്‍ സംഭവിച്ചത്.

Leave A Reply

Your email address will not be published.