Listen live radio

നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍വേ:സര്‍വേ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

after post image
0

- Advertisement -

 

കല്‍പ്പറ്റ: കര്‍ണാടകയിലെ ബന്ദിപ്പുര വനത്തിലൂടെ കടന്നുപോകേണ്ട നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍വേയുടെ സര്‍വേ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിനും റെയില്‍വേ മന്ത്രാലയത്തിനും സുപ്രീം കോടതി നിര്‍ദേശം. ദേശീയപാത 766ലെ രാത്രിയാത്രാനിരോധനവുമായി ബന്ധപ്പെട്ട കേസ് കഴിഞ്ഞ ദിവസം പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് സഞ്ജയ് ഖന്ന, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.രാത്രിയാത്രാനിരോധന വിഷയത്തില്‍ തത്സ്ഥിതി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിനും കേരള, കര്‍ണാടക സര്‍ക്കാരുകള്‍ക്കും സുപ്രീം കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ബുധനാഴ്ച കേസ് പരിഗണിച്ചപ്പോള്‍, ദേശീയപാത 766 കടന്നുപോകുന്ന അതേ വഴിയിലൂടെ നിലമ്പൂര്‍-നഞ്ചന്‍ഗോഡ് റെയില്‍ പാതയ്ക്കുവേണ്ടിയുള്ള സര്‍വേ നടത്തുന്നതായി അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.കര്‍ണാടക സര്‍ക്കാരിന്റെ സഹകരണത്തോടെ ബന്ദിപ്പുര വനത്തിലടക്കം പാതയുടെ സര്‍വേ ഈ മാസം ആദ്യം പൂര്‍ത്തിയാക്കിയിരുന്നു.

വനത്തില്‍ തുരങ്കപാത നിര്‍മിക്കുന്നതിനെ എതിര്‍ക്കില്ലെന്ന കര്‍ണാടക സര്‍ക്കാര്‍ നിലപാടിനെത്തുടര്‍ന്നാണ് സര്‍വേ വേഗത്തില്‍ പൂര്‍ത്തിയായത്.
ബന്ദിപ്പുര കടുവാസങ്കേതത്തിലൂടെയുള്ള ദേശീയ പാതയ്ക്ക് ബദലായി കുട്ട-ഗോണിക്കുപ്പ വഴി ബദല്‍ പാത എന്ന നിര്‍ദേശം നേരത്തേ ഉയര്‍ന്നിരുന്നു. ഈ പാത നാലുവരിയാക്കി ദേശീയപാത 766 അടച്ചുപൂട്ടാനുള്ള സാധ്യത പരിഗണിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെടുകയുമുണ്ടായി. ഇതോടെ ബന്ദിപ്പുര വഴിയുള്ള ദേശീയപാത പൂര്‍ണമായും അടയുമെന്ന സ്ഥിതി സംജാതമായിരുന്നു.
റെയില്‍പാതയും ദേശീയപാതയും ബന്ദിപ്പുര വനത്തിലൂടെ ഒരേ ടണല്‍ വഴി കൊണ്ടുപോകാമെന്ന നിര്‍ദേശത്തിന് കൂടുതല്‍ സ്വീകാര്യത ലഭിച്ചതായി നീലഗിരി വയനാട് എന്‍എച്ച് ആന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. സുപ്രീം കോടതി നിര്‍ദേശം രാത്രിയാത്രാനിരോധന പ്രശ്നം പരിഹരിക്കാനുള്ള പരിശ്രമങ്ങളിലെ ആശാവഹമായ പുരോഗതിയാണന്ന് വിലയിരുത്തി. കണ്‍വീനര്‍ അഡ്വ. ടി.എം. റഷീദ് അധ്യക്ഷത വഹിച്ചു. വിനയകുമാര്‍ അഴിപ്പുറത്ത്, പി.വൈ. മത്തായി, എം.എ. അസൈനാര്‍, ജോസ് കപ്യാര്‍മല, അബ്ദുള്‍ റസാഖ്, അനില്‍ മാസ്റ്റര്‍, നാസര്‍ കാസിം, വി. മോഹനന്‍, മോഹന്‍ നവരംഗ്, ജോയിച്ചന്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.ടണല്‍ വഴിയുള്ള റോഡ് സംബന്ധിച്ച വിദഗ്ധാഭിപ്രായം ദേശീയപാത അഥോറിറ്റിയിലെയും റെയില്‍വേയിലെയും ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്യുമെന്നും ഇതിനുശേഷം തയാറാക്കുന്ന റിപ്പോര്‍ട്ട് രാത്രിയാത്രാ കേസ് സുപ്രീം കോടതി ഇനി പരിഗണിക്കുമ്പോള്‍ സമര്‍പ്പിക്കുമെന്നും ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ പറഞ്ഞു. കേസില്‍ ആക്ഷന്‍ കമ്മിറ്റിക്കുവേണ്ടി അഡ്വ.പി.എസ്. സുധീറാണ് ഹാജരാകുന്നത്.

Leave A Reply

Your email address will not be published.