Listen live radio

വരയുടെ വയനാടന്‍ ഭാവങ്ങള്‍ നിറമെഴുതി നാട്ടുപച്ച

ശ്രദ്ധേയമായി പരിസ്ഥിതി ചിത്രപ്രദര്‍ശനം

after post image
0

- Advertisement -

മലകളും മരങ്ങളും പുഴകളും അരുവികളുമായി ഹരിതലോകം. പച്ചപ്പണിഞ്ഞ വയനാടിന് വിഭിന്ന ഭാവങ്ങള്‍. പ്രകൃതിക്ക് നിറം ചാര്‍ത്തി സിവില്‍ സ്റ്റേഷനില്‍ നടന്ന നാട്ടുപച്ച ചിത്രപ്രദര്‍ശനം പരിസ്ഥിതി ദിനത്തില്‍ വേറിട്ട കാഴ്ചയായി. മൂന്ന് വര്‍ഷം കൊണ്ട് വയനാട്ടിലെ ചിത്രകലാ അധ്യാപക കൂട്ടായ്മ വരച്ചു തീര്‍ത്ത 60 ലധികം പരിസ്ഥിതി ചിത്രങ്ങളാണ് നാട്ടുപച്ച ഏകദിന ചിത്രപ്രദര്‍ശനത്തില്‍ കോര്‍ത്തിണക്കിയത്. ജില്ലാ ഭരണകൂടം, സാമൂഹ്യ വനവത്കരണ വിഭാഗം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചിത്രപ്രദര്‍ശനം. കുറുവാ ദ്വീപ്, മുത്തങ്ങ, ബാണാസുരസാഗര്‍, തിരുനെല്ലി തുടങ്ങിയ വയനാടിന്റെ പ്രകൃതി ദൃശ്യ ചാരുതകളെയാണ് കലാകാരന്‍മാര്‍ ക്യാന്‍വാസിലേക്ക് പകര്‍ത്തിയത്. പതിനാലോളം പേരുടെ കലാസൃഷ്ടികളാണ് നാട്ടുപച്ചയില്‍ പ്രദര്‍ശിപ്പിച്ചത്.
ചിത്രകലാ ക്യാമ്പുകള്‍ അത്ര സജീവമല്ലാത്ത വയനാട്ടില്‍ വേറിട്ട ക്യാമ്പുകളൊരുക്കിയാണ് കൂട്ടായ്മ ശ്രദ്ധനേടിയത്. 2012 ല്‍ തുടങ്ങിയ കൂട്ടായ്മയില്‍ ഇന്ന് ഇരുപത്തിയഞ്ചോളം പേരുണ്ട്. ഇപ്പോള്‍ ജോലിയില്‍ തുടരുന്നവരും വിരമിച്ചവരും ഈ കൂട്ടായ്മയില്‍ അംഗമാണ്. രണ്ടാം ശനിയാഴ്ച തുടങ്ങിയ അവധി ദിവസങ്ങളില്‍ ക്യാമ്പുകള്‍ മുടങ്ങാതെ നടക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങള്‍ ഇവര്‍ ഇതിനായി തെരഞ്ഞെടുക്കുന്നു. ക്യാമ്പുകള്‍ ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് വളരാന്‍ തുടങ്ങിയതോടെ പ്രകൃതിയുടെ പച്ച ക്യാന്‍വാസിനുള്ളില്‍ കൂടുതല്‍ കൂടുതല്‍ പേരെത്തി തുടങ്ങിയത്. ഇതോടെ ഈ രംഗത്തുള്ള സൗഹൃദവും ചിത്രങ്ങളും ആഴത്തിലും പരപ്പിലുമുള്ളതായി മാറി. കലാപരിപോഷണത്തിനും പ്രോത്സാഹനത്തിനും ആസ്വാദനത്തിനുമെല്ലാം ഈ കൂട്ടായ്മ പുതിയ മുന്നേറ്റമായി. കോവിഡ് കാലത്ത് വിദ്യാലയങ്ങളെല്ലാം അടച്ചതോടെ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ചിത്രരചന ക്ലാസ്സുകള്‍ നടത്തുന്നതിനും ഇവര്‍ നേതൃത്വം നല്‍കിയിരുന്നു. കളക്ട്രേറ്റില്‍ നടന്ന നാട്ടുപച്ച വയനാടന്‍ വരകള്‍ ചിത്രപ്രദര്‍ശനം ജില്ലാ കളക്ടേര്‍ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. എ.ഡി.എം. എന്‍.ഐ. ഷാജു, സോഷ്യല്‍ ഫോറസ്ട്രി അസി. കണ്‍സര്‍വേറ്റര്‍ ജോസ് മാത്യു, റെയിഞ്ച് ഓഫീസര്‍ എം. അനില്‍കുമാര്‍, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ കെ.കെ. സുന്ദരന്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.സി. ഹരിദാസ്, ചിത്രലകലാ അധ്യാപകരായ എന്‍.ടി. രാജീവ്, പി.സി. സനല്‍കുമാര്‍, എം.പി. സുനില്‍കുമാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നാട്ടുപച്ച ചിത്ര പ്രദര്‍ശനം കാണാന്‍ വിദ്യാര്‍ത്ഥികള്‍ പൊതുജനങ്ങള്‍ ജീവനക്കാര്‍ തുടങ്ങി നിരവധി പേരെത്തിയിരുന്നു.

Leave A Reply

Your email address will not be published.